ന്യൂഡല്‍ഹി: തുര്‍ക്കിയിലെ വ്യോമയാന ചരക്കുനീക്ക കമ്പനി സെലബിക്കു കോടതിയില്‍ നിന്നു കനത്ത തിരിച്ചടി. സെലബിയുടെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് ദല്‍ഹി ഹൈക്കോടതി ശരിവച്ചു.
ദേശീയ സുരക്ഷ പരിഗണിച്ചാണ് കേന്ദ്ര തീരുമാനമെന്നു നിരീക്ഷിച്ച കോടതി, രാജ്യസുരക്ഷയ്‌ക്കു ഭീഷണിയാകുന്ന ഏതൊരു സാധ്യതയുമില്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
മേയ് 15നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സെലബിയുടെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയത്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഭാരത വ്യോമ പ്രതിരോധ സംവിധാനത്തെ ആക്രമിക്കാന്‍ പാകിസ്ഥാനു തുര്‍ക്കി സൈനിക സഹായം നല്കിയിരുന്നു. പാക് സൈന്യം പ്രയോഗിച്ച ഡ്രോണുകള്‍ കൈമാറിയതും തുര്‍ക്കിയാണ്. തുടര്‍ന്ന് സെലബിക്കുള്ള അനുമതി കേന്ദ്രം റദ്ദാക്കി.
2008ലാണ് സെലബി ഭാരതത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഒരു സംയുക്ത സംരംഭ ഭാഗമായാണ് രാജ്യത്തെത്തിയത്. ദല്‍ഹി, മുംബൈ, ചെന്നൈ, കൊച്ചി, കണ്ണൂര്‍ തുടങ്ങിയ ഒന്‍പതു പ്രധാന വിമാനത്താവളങ്ങളിലാണ് സെലബി പ്രവര്‍ത്തിച്ചിരുന്നത്. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗന്റെ മകള്‍ സുമയ്യയാണ് സെലബിയുടെ സഹവുടമ. സുമയ്യയുടെ ഭര്‍ത്താവിന്റെ കമ്പനിയില്‍ നിര്‍മിച്ച ഡ്രോണുകളാണ് പാകിസ്ഥാന്‍ ഭാരതത്തിനെതിരേ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: