തിരുവനന്തപുരം: സ്വന്തം ഗതാഗത വകുപ്പുമന്ത്രിയെ വീണ്ടും പാഠം പഠിപ്പിച്ചും സംസ്ഥാന ജനങ്ങളെ ശിക്ഷിച്ചും കേരളത്തിൽ ഇടതുപക്ഷ-പ്രതിപക്ഷ കക്ഷികൾ പൊതുമണിമുടക്ക് നിർബന്ധിത ബന്ദാക്കി. ഗതാഗത വകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാർ, കെഎസ്ആർടിസി ബസ്സുകൾ ഓടുമെന്നും ജനങ്ങൾക്ക് യാത്രയ്‌ക്ക് തടസ്സമുണ്ടാകില്ലെന്നും പ്രസ്താവിച്ചിരുന്നു. എന്നാൽ, ബസ്സോടിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനൻ ടി.പി. രാമകൃഷ്ണൻ മറുപടി പറഞ്ഞിരുന്നു. ഇടത്പക്ഷ യൂണിയനുകളിലെ കെഎസ്ആർടിസി ജീവനക്കാർ സംഘടിതമായി, സർവീസ് നടത്താൻ തയാറായവരെ തടഞ്ഞും ബസ്സുകൾ തടഞ്ഞും മന്ത്രിയെ തോൽപ്പിച്ചു.
ഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും ഞാൻ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ആവേശം കാണിച്ച ഗണേഷ്‌കുമാറിനെ മന്ത്രിച്ചുമതല ഏറ്റതിന്റെ തൊട്ടുപിന്നാലേതന്നെ സിപിഎമ്മും എൽഡിഎഫും ശാസിച്ച് ഒതുക്കിയതാണ്. മന്ത്രിയുടെ തീരുമാനമല്ല, മുന്നണിയുടെ തീരുമാനമാണ് നടപ്പാക്കുകയെന്നായിരുന്നു ആദ്യ താക്കീത്. ഇപ്പോൾ പണിമുടക്കിനെതിരേയുള്ള മന്ത്രിയുടെ നിലപാടിനെ തോൽപ്പിച്ച് പണിമുടക്കിനെ നിർബന്ധിത ബന്ദ് ആക്കി മാറ്റിയിരിക്കുകയാണ് സർക്കാർ സഹായത്തോടെ എൽഡിഎഫ്.
മന്ത്രിയുടെ വാക്കും സർക്കാരിന്റെ കടമയും വിശ്വസിച്ച് അവശ്യ സർവീസുകൾ നിർവഹിക്കാൻ പൊതു ഗതാഗതത്തെ ആശ്രയിച്ചവരും വഴിയിൽ കുടുങ്ങി. വണ്ടിയോടിക്കാൻ ശ്രമിച്ച, പണിമുടക്കിനില്ല എന്ന് പ്രഖ്യാപിച്ച ജീവനക്കാരെ പണിമുടക്കനുകൂലികൾ തടഞ്ഞു. ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയം പൂട്ടിയിട്ട് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള അവകാശം പോലും പണിമുടക്കുകാർ തടസപ്പെടുത്തി.
തമ്പാനൂരിൽ ഇന്നലെ രാത്രി സർവീസ് അവസാനിപ്പിച്ച് ഇന്ന് സ്വന്തം ഡിപ്പോയിലേക്ക് മടങ്ങേണ്ടിയിരുന്ന ജീവനക്കാരെ യത്രപോകാൻ അനുവദിച്ചില്ലെന്നു മാത്രമലല്ല, ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള മുറികൾ പോലും പൂട്ടിയിട്ട് സഹപ്രവർത്തകരേയും പണിമുടക്കുകാർ തോൽപ്പിച്ചു.
പോലീസ് പലയിടത്തും നോക്കുകുത്തികളായി. ഇന്നലത്തെ സ്വകാര്യ ബസ് പണിമുടക്കും ഇന്നത്തെ പൊതുപണിമുടക്കും രോഗികൾ അടക്കം ഒട്ടേറെ പൊതുജനങ്ങളെയാണ് ബാധിച്ചത്.
















