ടെൽ അവീവ് : 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണങ്ങളിൽ ഹമാസ് ലൈംഗിക അതിക്രമത്തെ യുദ്ധ ആയുധമായി ഉപയോഗിച്ചതായി ഇസ്രായേലി റിപ്പോർട്ട്. നിയമ വിദഗ്ധരുടെ ഒരു സംഘമായ ‘ദിനാ പ്രോജക്റ്റ്’ റിപ്പോർട്ട്, ഇരകളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നുമുള്ള സാക്ഷ്യങ്ങൾ, ആദ്യം എത്തിയ ദുരിതാശ്വാസ പ്രവർത്തകരുടെ വിവരണങ്ങൾ, ഫോറൻസിക്, ദൃശ്യ, ഓഡിയോ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് സംഘടന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തിറക്കിയത്.
ഹമാസ് , ഇരകളുടെ ജീവൻ അപഹരിച്ചുകൊണ്ട് അവരെ നിശബ്ദരാക്കിയത് കുറ്റവാളികളെ രക്ഷപ്പെടുത്താൻ സഹായകമായി, കൂടാതെ ആവശ്യമായ നിർണായക തെളിവുകൾ അന്വേഷകർക്ക് നഷ്ടപ്പെടുത്തുകയും ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. ഗാസയിലെ 21 മാസത്തെ യുദ്ധത്തിന് ഇസ്രായേലും ഹമാസും വെടിനിർത്തൽ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് വന്നിരിക്കുന്നത്.
ബലാത്സംഗ ശ്രമം നേരിടേണ്ടി വന്ന ഇര, തിരിച്ചെത്തിയ 15 ബന്ദികൾ, 17 സാക്ഷികൾ തുടങ്ങി നിരവധി പേരുടെ വിവരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചില കേസുകളിൽ ദിനാ പ്രോജക്റ്റ് തന്നെ അഭിമുഖങ്ങൾ നടത്തി. കൂടാതെ ഇസ്രായേലി, അന്താരാഷ്‌ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് 15 മുൻ ബന്ദികൾ ലൈംഗിക അതിക്രമം, നിർബന്ധിത നഗ്നത, വാക്കാലുള്ള ലൈംഗിക പീഡനം, നിർബന്ധിത വിവാഹ ഭീഷണി എന്നിവയുൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം അനുഭവിച്ചതായോ കണ്ടതായോ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. കൂടതെ രണ്ട് പുരുഷ ബന്ദികളെ ബലമായി നഗ്നരാക്കി ശാരീരിക പീഡനത്തിന് വിധേയരാക്കിയതായും റിപ്പോർട്ടിലുണ്ട്.
ദൃക്‌സാക്ഷികളുടെ വിവരണത്തിൽ കുറഞ്ഞത് നാല് കൂട്ടബലാത്സംഗ കേസുകൾ ഉൾപ്പെടെ കുറഞ്ഞത് 15 വ്യത്യസ്ത ലൈംഗിക പീഡന കേസുകളെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇരകളെ ഭാഗികമായോ പൂർണ്ണമായോ വസ്ത്രം ധരിച്ചിട്ടില്ലാത്ത നിലയിൽ, കൈകൾ കെട്ടിയിട്ട നിലയിൽ കൊല്ലപ്പെട്ടത് കണ്ടെത്തിയത് ഇതിന് തെളിവാണെന്നും റിപ്പോർട്ടിലുണ്ട്.
അതേ സമയം പുതിയ റിപ്പോർട്ടിനെക്കുറിച്ച് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 2023 ഒക്ടോബർ 7 ന് ഇസ്രായേൽ ആക്രമിക്കപ്പെട്ടപ്പോൾ തങ്ങളുടെ സൈനികർ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം മുമ്പ് ഹമാസ് നിഷേധിച്ചിരുന്നു
















