തിരുവനന്തപുരം: ചട്ടവിരുദ്ധ നടപടികളിലൂടെ സര്‍വകലാശാലയുടെ ഭരണം സ്തംഭിപ്പിക്കാനും സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസാക്കിമാറ്റാനുമുള്ള ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആസൂത്രിത നീക്കത്തിനെതിരെ രാജ്ഭവന്‍ ഇടപെടലുണ്ടായേക്കും.
സര്‍വകലാശാലയുടെ നിയമാനുസൃത തലവന്റെ അധികാരത്തെ തുരങ്കം വെക്കുകയും ഭരണപരമായ അച്ചടക്കം, ജുഡീഷ്യല്‍ ബഹുമാനം, പൊതു ഉത്തരവാദിത്തം എന്നിവയില്‍ വിട്ടുവീഴ്ച നടക്കുന്നതായുമുള്ള വിസിയുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ബാഹ്യസമ്മര്‍ദ്ദത്തില്‍പ്പെട്ട് ഡോ. കെ.എസ്. അനില്‍കുമാറും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി അലങ്കോലമാക്കാന്‍ ശ്രമം നടന്നിരുന്നു. ഗവര്‍ണറെ എസ്എഫ്‌ഐയുടെ പേരില്‍ തടയുക, വി സി ചുമതലയേല്‍ക്കാന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി സംഘം ചേരുക, ഗവര്‍ണറെയും വിസിയെയും അധിക്ഷേപിച്ച് ബാനര്‍ കെട്ടുക, ജീവനക്കാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കുക തുടങ്ങി സര്‍വകലാശാലയുടെ നിലനില്‍പ്പിനെത്തന്നെ അരാചകത്വത്തിലേക്കെത്തിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കേരള സര്‍വകലാശാലയെ പാര്‍ട്ടി ഓഫീസ് ആക്കിമാറ്റാനുള്ള നീക്കത്തിനെതിരെ പൊതുജനാഭിപ്രായം ശക്തമാകുന്നുണ്ട്.
















