പുരുഷായുസ്സെന്നാൽ 120 കൊല്ലമാണെന്നാണ് പ്രമാണമെങ്കിൽ അതിലധികം പ്രായമുള്ളൊരു കേശഭാരകിരീടം അരങ്ങൊഴിഞ്ഞുറങ്ങുകയാണ് പാലക്കാട്ട് പട്ടാമ്പിയ്‌ക്ക്ടുത്തുള്ളൊരു പൈതൃകഗ്രാമത്തിൽ. അന്തരിച്ച കഥകളിനടൻ കോട്ടയ്‌ക്കൽ അപ്പുനായരുടെ വാവനൂരെ വീട്ടിൽ ആറുദശാബ്ദമായി കോപ്പുപെട്ടിയിൽ വിശ്രമനിദ്രയിലാണ് കുമിഴിൽ കടഞ്ഞ് പ്രകൃതിദത്തമായ ഉരുപ്പടികളിൽ തീർത്തിട്ടുള്ള ഈ ശിരോലങ്കാരം.
ഭാരതപ്പുഴവക്കത്തെ തൃത്താലയ്‌ക്കുതെക്ക് കൂറ്റനാടിനും കൂട്ടുപാതയ്‌ക്കും ഇടയിലാണ് വള്ളുവനാടൻ ഗ്രാമമായ വാവനൂർ. അവിടെ മങ്ങാട്ടു വീട്ടിൽ കഴിഞ്ഞ ദിവസം പകലത്തെ സംസാരത്തിനൊടുവിലാണ്, വിഷയാവതരണത്തിനു പിന്നാലെ, ആതിഥേയൻ അകായിലേക്കാനയിച്ച് ഈ പുരാശേഖരം കാട്ടിത്തന്നത്. മേശമേൽ നിരത്തിയിരുന്ന പുരുഷവേഷക്കോപ്പിനു നടുവിൽ പത്തൊൻപതാംനൂറ്റാണ്ടിലേതെന്നു കരുതാവുന്ന കഥകളിക്കിരീടം നായകപ്രൗഢിയിൽ.

ഇന്നേക്ക്, 2025 ജൂലൈ 7 ന്, മുപ്പത്തിയഞ്ചുകൊല്ലംമുമ്പ്, 1990ൽ, അന്തരിച്ച അപ്പു നായരുടെ ജന്മശതാബ്ദിയാണ് ഇപ്പോൾ എന്നത് ആകസ്മികം. വയസ്സ് 65 ഉള്ളപ്പോൾ മരിച്ച കളിയാശാൻ (കറുപ്പുംവെളുപ്പും ഫോട്ടോ) പിറന്നത് 1925ൽ. അദ്ദേഹത്തിന്റെ മൂത്തമകൻ എം. മുരളീധരൻ ആണ് ഇപ്പോൾ ഗൃഹനാഥൻ. അച്ഛൻ കലാപരമായി പ്രവർത്തിച്ചുപോന്ന പി.എസ്.വി. നാട്യസംഘം നടത്തുന്ന കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയിൽ വാഹനവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഇപ്പോൾ 67 വയസ്സുള്ള മുരളീധരൻ. അപ്പുനായരുടെ അനുജസ്ഥാനീയനാണ് കഥകളിസഹപ്രവർത്തകൻ കൂടിയായിരുന്ന കോട്ടയ്‌ക്കൽ ഗോപിനായർ. ഒരേനാട്ടുകാർ. 2023 സെപ്തംബർ ഒടുവിൽ ഗോപിനായർ 97 വയസ്സിൽ വിയോഗം. (അദ്ദേഹത്തിന്റെയും നൂറാം ജന്മവാർഷികമടുക്കുകയാണ്). ഇരുവരുടെയും പൊതുഗുരുനാഥൻ വാഴേങ്കട കുഞ്ചു നായർ (1909-81).

അപ്പുനായരുടെ അച്ഛനും കഥകളിനടൻ. വാവനൂരിന് രണ്ടരനാഴിക തെക്ക് പെരിങ്ങോട്ടെ പൂമുള്ളി മനയ്‌ക്കലെ കഥകളിയോഗത്തിൽ അംഗമായിരുന്ന ശങ്കുണ്ണി നായർ. കുഞ്ചുനായരുടെ ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോൻ (1880-1948) എന്ന കല്ലുവഴിശൈലീവല്ലഭന്റെ സമകാലികനായിരുന്നു പൂമുള്ളി ശങ്കുണ്ണി നായർ. മിനുക്കുചിത്രം ശങ്കുണ്ണിനായർ ലളിത വേഷം കെട്ടിയാടി ഒടുവിൽ പൂതനയായി മാറുന്ന വേളയിൽ ‘കരി’തേച്ച നേരത്തെയാണ്: മങ്ങാട്ടെ ഉയുമ്മറത്ത് ചുവരിൽ ചില്ലിട്ടുള്ള ദൃശ്യം.

പരക്കെ തൊടിയിലും പാടത്തുമായുണ്ടായിരുന്ന കൃഷിയാദായത്തിന്റെ സമൃദ്ധിയിൽ ശങ്കുണ്ണി നായർ യൗവനത്തിനുച്ചിയിൽ പ്രൗഢിയും പ്രമാണിത്വവും പ്രസിദ്ധിയുമുള്ള പൂമുള്ളി മനയുടെ ‘മൂക്കിനുകീഴിൽ’ സ്വന്തമായി കഥകളിക്കളരി തുടങ്ങി. ആറ് ആൺമക്കളെയും രണ്ടുപെൺകുട്ടികളേയും പ്രദേശത്തെ കുട്ടികളേയും വീട്ടുവളപ്പിലെ തൊഴുത്തുചേർന്നുള്ള കയ്യാലയിൽ ചൊല്ലിയാടിക്കാൻ തുടങ്ങി. ചുറ്റുവട്ടത്തുനിന്ന് പാട്ടുകാരും മേളക്കാരും കൂടി. പുത്രൻ അപ്പുനായരും മരുമകൻ നാരായണൻ നായരും അളിയൻ ഗോപിനായരും കഥകളിക്കായി ശങ്കുണ്ണി നായരുടെ കളരിയിൽ ചേർന്നു.
അക്കാലത്ത് പൊതുവെ രാജ്യത്താകമാനം നിലനിന്നിരുന്ന ദാരിദ്ര്യമായിരുന്നു കേരളത്തിലെ കഥകളിലോകത്തിനു യുവപ്രയോക്താക്കളെ സമ്മാനിച്ചിരുന്നത്. വിശപ്പു മാറ്റാൻ കലാപഠനം. അതിനുവിരുദ്ധമായി, സമ്പന്ന തറവാട്ടിലെ അപ്പുവും ഗോപിയും കുറേക്കൂടി വ്യവസ്ഥാപിതമായ അഭ്യസനത്തിനായി 45 കിലോമീറ്റർ വടക്ക് നാട്യസംഘത്തിൽ കഥകളിവിദ്യാർത്ഥികൾക്കായി പരുവപ്പെട്ടു. സഹപാഠികൾ സ്‌റ്റൈപ്പെൻഡ് വാങ്ങിയിരുന്നപ്പോൾ ഇവരിരുവർ അങ്ങോട്ട് ഫീസ് കൊടുത്തഭ്യസിച്ചു. തുടർന്നവിടെ അദ്ധ്യാപകരായി, അടുത്തൂൺപറ്റി.

മുമ്പ്, സ്വദേശത്ത്, ശങ്കുണ്ണിനായർ അവനവനൗന്നത്യത്തിൽ പറഞ്ഞുണ്ടാക്കിച്ചതാണ് ചിത്രത്തിൽ കാണുന്ന കേശഭാരകിരീടമടക്കം കോപ്പുകൾ. ശില്പി ആരെന്ന് സൂക്ഷ്മമറിയില്ല കുടുംബത്തിൽ ഇന്നുള്ളയാർക്കും, എന്നെ സദസ്സിന് ക്ഷണിച്ച വെട്ടത്തിൽ സുധാകരനടക്കം. ഗോപിനായരുടെ പുത്രനാണ് സുധാരൻ.

ശങ്കുണ്ണി നായർ, പ്രായം ചെല്ലേ, ഏതാണ്ട് 1950കളുടെ മദ്ധ്യത്തിൽ, ഇപ്പറഞ്ഞ ആടയാഭരണങ്ങൾ മകനു കൊടുത്തു. കിരീടമാകട്ടെ, കല്ലും മയിൽപ്പീലിത്തണ്ടും വണ്ടോടും അടക്കം പഴയതരം സാമഗ്രികളിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ്. ജീവിത സായാഹ്നത്തിൽ കേശഭാരം മകൻ അപ്പുവിന് ഔപചാരികമായി അരങ്ങത്തുവച്ച് കൈമാറിയ ശങ്കുണ്ണിനായർ തെല്ലു വർഷങ്ങൾക്കപ്പുറം 1965ൽ അന്തരിച്ചു.
അതിന് അരപുരുഷായുസ്സിനിപ്പുറവും കിരീടം അതുപടി ഭദ്രം. പതിറ്റാണ്ടുകൾ ചെല്ലേ അതിന്റെ മൂല്യം കൂടുതൽക്കൂടുതൽ അറിഞ്ഞുവരുന്നു മകൻ മുരളീധരൻ എന്ന അനന്തരാവകാശി. അറുപത്തിയേഴുകാരനായ അദ്ദേഹം മുത്തച്ഛനാണ്.
വീട്ടിലെ പേരമകൾക്ക് ഈ ചരിത്രങ്ങളുടെ മൂല്യമറിയാൻ പ്രായമായിട്ടില്ല. എന്നാൽ സമകാലിക സാംസ്്കാരികലോകം അറിയാതെപൊയ്‌ക്കൂടാ ഈ മഹച്ചരിതം എന്ന ആഗ്രഹത്തിലാണ് അപ്പുനായരാശാന്റെ നൂറാം പിറന്നാൾവേളയിൽ മങ്ങാട്ട് തറവാട്ടുകാർ.
(ശ്രീവത്സൻ തീയ്യാടി, കലാകാരനും കലാനിരൂപകനായ മാധ്യമപ്രവർത്തകനുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: