ബ്രസീലിയ : ഭീകരതയുടെ ഇരകളെയും പിന്തുണയ്‌ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കിനോക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം തീവ്രവാദത്തിനെതിരെ തുറന്നടിച്ചത്.
ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും വേണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സമാധാനവും സുരക്ഷയും സംബന്ധിച്ച ഒരു സെഷനിൽ പ്രസംഗിക്കവേ പഹൽഗാമിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനും, സ്വത്വത്തിനും, അന്തസ്സിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതിനു പുറമെ ഈ ആക്രമണം ഇന്ത്യയ്‌ക്ക് മാത്രമല്ല മുഴുവൻ മനുഷ്യരാശിക്കും ഒരു പ്രഹരമായിരുന്നു. ഭീകരതയെ അപലപിക്കുക എന്നത് നമ്മുടെ തത്ത്വമായിരിക്കണം. ഏത് രാജ്യത്താണ് ആക്രമണം നടന്നതെന്നും ആർക്കെതിരെയാണെന്നും ആദ്യം കണ്ടാൽ അത് മനുഷ്യത്വത്തോടുള്ള വഞ്ചനയായിരിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭീകരതയെ ചെറുക്കുന്നതിന് യോജിച്ച ശ്രമത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി മോദി ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും കാണിക്കരുതെന്നും പറഞ്ഞു. ഭീകരതയ്‌ക്ക് ഇരയായവരെയും പിന്തുണയ്‌ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കിനോക്കാൻ കഴിയില്ല. ഭീകരതയുമായി ബന്ധപ്പെട്ട വാക്കുകളും പ്രവൃത്തികളും തമ്മിൽ വ്യത്യാസമുണ്ടാകരുതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത സൗഹൃദ രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കൂടാതെ ഗാസയിലെ സ്ഥിതിഗതികളിലും മോദി തന്റെ പ്രസംഗത്തിൽ ഗുരുതരമായ ആശങ്കയും പ്രകടിപ്പിച്ചു. ഗാസയിലെ മാനുഷിക സാഹചര്യം വളരെയധികം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: