കുട്ടികളില്ലാത്ത ദമ്പതികൾ പ്രാർത്ഥിച്ചാൽ സന്താന സൗഭാഗ്യം നല്‍കുന്ന മൂര്‍ത്തി. അതാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശ ക്ഷേത്രം
. വൈകുണ്ഠത്തിലെപ്പോലെ പൂർണതയുള്ള ഭഗവാൻ എന്ന അര്‍ത്ഥത്തിലാണ് പൂർണത്രയീശൻ എന്ന് ഈ മൂര്‍ത്തിയെ വിളിക്കുന്നത്. പൂര്‍ണ്ണത്രയീശക്ഷേത്രത്തില്‍ കിഴക്കോട്ട് ദർശനമായിരിയ്‌ക്കുന്ന ഭഗവാന്റെ വിഗ്രഹം അനന്തനന്റെ മുകളിൽ ഇരിയ്‌ക്കുന്ന രൂപത്തിലാണെന്നതാണ് ഇവിടത്തെ പ്രത്യേകത.
ഒരിയ്‌ക്കൽ, അർജ്ജുനൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തുകയുണ്ടായി. തന്റെ സുഹൃത്തിനെ ഭഗവാൻ അല്പദിവസം തനിയ്‌ക്കൊപ്പം താമസിയ്‌ക്കാൻ അനുവദിച്ചു. അങ്ങനെയിരിയ്‌ക്കേ ഒരു ദിവസം, ശ്രീകൃഷ്ണന്റെ സദസ്സിലേയ്‌ക്ക് ഒരു ബ്രാഹ്മണൻ, തന്റെ മരിച്ചുപോയ കുഞ്ഞിന്റെ മൃതദേഹവും കൊണ്ടുവരികയുണ്ടായി. തന്റെ ഒമ്പതാമത്തെ കുട്ടിയാണിതെന്നും, മുമ്പുണ്ടായ എട്ടുപേരും ഇതുപോലെ പ്രസവത്തോടെ മരിച്ചുപോകുകയാണുണ്ടായതെന്നും, ഇതിനെല്ലാം കാരണം ഭഗവാൻ കൃഷ്ണനാണെന്നും അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഭഗവാൻ ഒന്നും മിണ്ടിയില്ല. എന്നാൽ, ഇനി ഇതുപോലൊരു പ്രശ്നമുണ്ടാകില്ലെന്നും അടുത്ത കുട്ടിയെ താൻ സംരക്ഷിയ്‌ക്കുമെന്നും അർജ്ജുനൻ പ്രഖ്യാപിയ്‌ക്കുകയുണ്ടായി.
ആദ്യം ബ്രാഹ്മണൻ അത് കാര്യമാക്കിയില്ല. എന്നാൽ, അർജ്ജുനൻ തുടർച്ചയായി അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം അർജ്ജുനന്റെ ആവശ്യം അംഗീകരിച്ചു. പത്താമത്തെ കുട്ടിയും മരിയ്‌ക്കുകയാണെങ്കിൽ താൻ തീയിൽ ചാടി ആത്മഹത്യ ചെയ്യുമെന്നും അർജ്ജുനൻ പ്രഖ്യാപിച്ചു.
അങ്ങനെയിരിയ്‌ക്കേ, ആ ബ്രാഹ്മണന്റെ ഭാര്യ വീണ്ടും ഗർഭിണിയായി. അർജ്ജുനൻ തന്റെ കുട്ടിയെ രക്ഷിയ്‌ക്കുമെന്ന് ഉറച്ചുവിശ്വസിച്ച ബ്രാഹ്മണൻ, അദ്ദേഹത്തെ തന്റെ വീട്ടിലേയ്‌ക്ക് വിളിയ്‌ക്കുകയും, തന്റെ ഭാര്യയെയും കുട്ടിയെയും സംരക്ഷിയ്‌ക്കണമെന്ന് അഭ്യർത്ഥിയ്‌ക്കുകയും ചെയ്തു. അമ്പുകൾ കൊണ്ട് വലിയൊരു മാളിക പണിത അർജ്ജുനൻ, പ്രസവം അവിടെവച്ചാകാമെന്ന് ബ്രാഹ്മണപത്നിയെ അറിയിച്ചു. അതനുസരിച്ച് പ്രസവത്തിനായി അവർ അങ്ങോട്ടേയ്‌ക്ക് താമസം മാറി. അവസാനം, ബ്രാഹ്മണപത്നി വീണ്ടും പ്രസവിച്ചു. എന്നാൽ, ഇത്തവണയും കുട്ടി മരിച്ചു. ഇതറിഞ്ഞ ബ്രാഹ്മണൻ, അർജ്ജുനനെ വഴക്ക് പറഞ്ഞ് ഓടിച്ചു വിട്ടു. തന്റെ ആയുധനൈപുണ്യത്തിന്റെ അര്‍ത്ഥശൂന്യത കണ്ട് ദുഃഖിതനായ അർജ്ജുനൻ തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അതനുസരിച്ച് അദ്ദേഹം ആഗ്നേയാസ്ത്രം പ്രയോഗിച്ച് തീകുണ്ഠം സൃഷ്ടിച്ച് അതിൽ ചാടാൻ തയ്യാറായി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട ശ്രീകൃഷ്ണൻ, അങ്ങനെ ചെയ്യരുതെന്നും കുട്ടികളെല്ലാവരും വൈകുണ്ഠത്തിലുണ്ടെന്നും അർജ്ജുനനെ അറിയിച്ചു. അതനുസരിച്ച് ഇരുവരും വൈകുണ്ഠത്തിലേയ്‌ക്ക് പോയി.
തന്റെ യഥാർത്ഥ സ്വരൂപമായ മഹാവിഷ്ണുവിൽ നിന്ന് പത്തുകുട്ടികളെയും മടക്കിവാങ്ങിയ ശ്രീകൃഷ്ണൻ, തിരിച്ച് ഭൂമിയിലേയ്‌ക്ക് വരികയും അവരെ ദമ്പതികളെത്തന്നെ ഏല്പിയ്‌ക്കുകയും ചെയ്തു. ഭൂമിയിലേക്ക് വരുമ്പോള്‍ മഹാവിഷ്ണുഭഗവാന്റെ ഒരു വിഗ്രഹവും അവർ ഭൂമിയിലേയ്‌ക്ക് കൊണ്ടുവന്നു. ആ പ്രതിഷ്ഠയാണ് ഇന്ന് പൂർണ്ണത്രയീശ ക്ഷേത്രത്തിലുള്ളത്. അതിനാൽ കുട്ടികളില്ലാത്തവരും ഗർഭിണികളും ഈ ക്ഷേത്രം സന്ദർശിയ്‌ക്കുന്നത് അതിവിശേഷമാണെന്ന് വിശ്വസിയ്‌ക്കപ്പെടുന്നു.
ഈ ക്ഷേത്രത്തിൽ സന്താനഗോപാല അർച്ചന നടത്തുന്നത് കുട്ടികളുടെ ഉയർച്ചക്ക് ഗുണകരമാണ് എന്നു വിശ്വാസമുണ്ട്. മാതാപിതാക്കൾ കുട്ടികളുമായി ഈ ക്ഷേത്രം സന്ദർശിക്കുന്നത് ബാലാരിഷ്ടതകൾ കൊണ്ടു ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് അനുഗ്രഹമാണെന്നും കുട്ടികൾക്ക് ആപത്തുകൾ ഉണ്ടാകാതിരിക്കുവാനും നല്ലതാണെന്നും ഭക്തർ വിശ്വസിക്കുന്നു. അന്നത്തെ സന്താനഗോപാല ബ്രാഹ്മണന്റെ കുടുംബമാണ് ഇന്ന് അറിയപ്പെടുന്ന തന്ത്രികുടുംബമായ പുലിയന്നൂർ മന എന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: