തിരുവനന്തപുരം∙ പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശി വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ട്.
ഡൽഹിയിൽ നിന്ന് ബെംഗളുരുവിലെത്തിയ ജ്യോതി കണ്ണൂരിലാണ് വിമാനമിറങ്ങിയത്. കണ്ണൂരിൽ യാത്ര ചെയ്യുന്നതിന്റെയും തെയ്യം കാണുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി. വേതനവും സർക്കാർ നൽകി.
മൂന്ന് ലക്ഷത്തിലധികം സബസ്ക്രൈബേഴ്സുള്ള ഇവരുടെ ട്രാവൽ വിത്ത് ജോ എന്ന യുട്യൂബ് ചാനലിൽ ആകെ 487 വീഡിയോകളാണ് ഉള്ളത്. ഇതിൽ നല്ലൊരു പങ്കും പാകിസ്ഥാനിൽ നിന്നുള്ളതാണ്. ഇത്തരം ഒരാളെ എന്തിന് സർക്കാർ സ്പോൺസർ ചെയ്തു എന്നത് ഇപ്പോഴും ദുരൂഹമാണ്.
അതേസമയം ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപണം ശരിവയ്‌ക്കുന്നത് കൂടിയാണ് വിവരാവകാശ രേഖയിലെ വിവരങ്ങൾ. ജ്യോതി മൽഹോത്രയുടെ യാത്ര സ്പോൺസർ ചെയ്തത് കേരള ടൂറിസമാണെന്ന് വാർത്ത പുറത്തു വന്നതിന് പിന്നാലെ അദ്ദേഹം ആരോപിച്ചിരുന്നു. പാക് ബന്ധമുള്ള ഒരു ചാരന് കേരളം എന്തിനാണ് ചുവപ്പ് പരവതാനി വിരിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് ജ്യോതി ആദ്യമായി കേരളത്തെപ്പറ്റി വ്ലോഗ് ചെയ്തത്. ട്രാവല്‍ വിത്ത് ജോ എന്ന തന്റെ വ്ലോഗിലൂടെ ഇവര്‍ കേരള സന്ദര്‍ശനത്തിന്റെ വിഡിയോകള്‍ പങ്കുവച്ചിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതിന് കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: