കോഴിക്കോട്: കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വാഷിങ് മെഷിനീല്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്.
വിവരമറിയിച്ചതനുസരിച്ച് എത്തിയ മീഞ്ചന്ത നിലയത്തിലെ അഗ്നിരക്ഷാസേനാംഗങ്ങൾ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെത്തിച്ചു. വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനിൽനിന്ന് വേർപെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡബ്ള്യു സനലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം അനീഷ്, കെ പി അമീറുദീൻ, വി കെ അനൂപ്, ജെ ജയേഷ്, വനിതാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി കെ അശ്വനി, ഹോംഗാർഡ് എബി രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: