ഹൈദരാബാദ് : അന്നപൂര്‍ണ്ണ കാന്‍റീനിന്റെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്ന് മാറ്റിയതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളുടെ തുണിയുരിക്കണമെന്ന് ഭീഷണിപ്പെടുത്തിയ തെലുങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധിച്ച സ്ത്രീകളുടെ തൂണിയുരിച്ച് നല്ല തല്ലുകൊടുത്താല്‍ മാത്രമേ അവര്‍ക്ക് ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ ഭീഷണി.
അന്ന പൂര്‍ണ്ണ കാന്‍റീനിന്റെ പേര് മാറ്റുന്നതിനെതിരെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളാണ് ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. അഞ്ച് രൂപയ്‌ക്ക് ഭക്ഷണം നല്‍കുന്ന കാന്‍റീനാണ് അന്നപൂര്‍ണ്ണ കാന്‍റീന്‍.
രാഷ്‌ട്രീയ മുതലെടുപ്പിന്റെ ഭാഗമായാണ് ഇതിന്റെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റാന്‍ തെലുങ്കാനയിലെ കോണ്‍ഗ്രസ് സര‍്ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.അതിനിടെയാണ് പ്രതിഷേധിച്ച വനിത പ്രവര്‍ത്തകരെ തുണിയഴിച്ച് നല്ല തല്ല് കൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന് രേവന്ത് റെഡ്ഡി പ്രസംഗിച്ചത്.
















