പാലക്കാട് :വാണിയംകുളത്ത് വീടിനോട് ചേര്‍ന്ന് പന്നിക്കെണി സ്ഥാപിച്ചതില്‍ നിന്നും 69കാരിക്ക് വൈദ്യുതാഘാതമേറ്റ സംഭവത്തില്‍ പന്നിക്കെണി സ്ഥാപിച്ച മകന്‍ അറസ്റ്റിലായി.പ്രേംകുമാര്‍ (45) ആണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ പന്നിക്കെണിയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു മാലതി.നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി ഷീബ വൈദ്യുതാഘാതമേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. മാലതിയെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവെ തൊട്ടടുത്ത വൈദ്യുത കമ്പിയില്‍ നിന്ന് തീപാറുന്നത് കണ്ടു. ഉടന്‍ പ്രദേശവാസികളെ വിവരമറിയിച്ച് ഉണങ്ങിയ കമ്പു ഉപയോഗിച്ച് വൈദ്യുത ബന്ധം വിച്ഛേദിച്ചു.പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മാലതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മാലതിയുടെ ഇടതു കൈയില്‍ ഗുരുതര പൊള്ളലേറ്റു.ഷൊര്‍ണൂര്‍ പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും പരിശോധിക്കാന്‍ സ്ഥലത്തെത്തിയപ്പോള്‍ അമിത മദ്യലഹരിയില്‍ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു കെണിയൊരുക്കിയ മകന്‍ പ്രേംകുമാര്‍. പ്രേംകുമാറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















