മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയും തമ്മിലുള്ള കൂടിച്ചേരലിന് പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും. 2019ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയെ മാറ്റിനിര്‍ത്തി, ഉദ്ധവ് താക്കറെയ്‌ക്ക് അധികാരത്തിന്റെ അപ്പക്കഷണം വലിച്ചെറിഞ്ഞുകൊടുത്ത് അന്ന് ഭരണം കയ്യടക്കിയ ശരത് പവാറും മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാക്കളും അതേ തന്ത്രം തന്നെ വീണ്ടും പയറ്റുകയാണ്.
അച്ഛന്റെ അജണ്ട നടപ്പാക്കുന്ന മകള്‍ സുപ്രിയ സുലെയെ നോക്കൂ:
#WATCH | Mumbai: Shiv Sena (UBT) chief Uddhav Thackeray's son and party leader Aaditya Thackeray, Maharashtra Navnirman Sena (MNS) chief Raj Thackeray's son and party leader Amit Thackeray also present at the stage where both parties are holding a joint rally after the… pic.twitter.com/ACD5u9aOaD
— ANI (@ANI) July 5, 2025
ശനിയാഴ്ച നടന്ന ഉദ്ധവ് താക്കറെ-രാജ് താക്കറെ സംഗമയോഗത്തില്‍ പങ്കെടുത്ത ശരത് പവാറിന്റെ മകള്‍ സുപ്രിയാ സുലേ പുത്തന്‍തലമുറക്കാരായ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെയും രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയും ചേര്‍ത്തുനിര്‍ത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ശരത് പവാര്‍ നടത്തുന്ന ഗൂഢമായ നീക്കങ്ങളുടെ തുടര്‍ച്ചയാണ് സുപ്രിയാ സുലേയുടെ നീക്കം.
ആദിത്യതാക്കറെയെ രാജ് താക്കറെയുടെ അരികില്‍ കൊണ്ടുനിര്‍ത്തുകയാണ് സുപ്രിയാ സുലേ. മാത്രമല്ല, ഈ നീക്കങ്ങളുടെ പിന്നാലെ ശരത് പവാറും രാജ് താക്കറെയും ഉദ്ധവ് താക്കറെയും ആസൂത്രണം ചെയ്ത മറ്റൊരു കലാപരിപാടിയും അരങ്ങ് തകര്‍ക്കുന്നു. മറാത്താ ഭാഷാവിവാദം ആളിക്കത്തിക്കാനുള്ള ശ്രമമാണിത്. ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി മറാത്താവികാരം ആളിക്കത്തിക്കുകയാണ് രാജ് താക്കറെയുടെ എംഎന്‍എസ് പ്രവര്‍ത്തകര്‍. സാമ്പത്തിക നിക്ഷേപകനും ഓഹരി ദല്ലാളുമായ സുഷീല്‍ കേഡയുടെ ഓഫീസിന് നേരെ കല്ലെറിയുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ കാണാം. രാജ് താക്കറെയുടെ കടുത്ത പെരുമാറ്റദൂഷ്യത്തില്‍ പ്രതിഷേധിച്ച് താന്‍ ഒരിയ്‌ക്കലും മറാത്ത പഠിക്കില്ലെന്ന സുശീല്‍ കേഡിയയുടെ പ്രസ്താവനയുടെ പേരിലാണ് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഏതാനും എംഎന്‍എസ് പ്രവര്‍ത്തകര്‍ കല്ലെറിയുന്നത്. ഇത് ഭാഷാവിവാദം ആളിക്കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.
അടുത്തിടെ ബിജെപിയിലേക്കും ഏക്നാഥ് ഷിന്‍ഡേ വിഭാഗം ശിവസേനയിലേക്കും ഉദ്ധവ് താക്കറെ പക്ഷത്തുള്ള നിരവധി മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ചേക്കേറിയതോടെ കടുത്ത അരക്ഷിതാവസ്ഥയിലാണ് ഉദ്ധവ് താക്കറെ. മകന്‍ അമിത് താക്കറെയുടെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയം രാജ് താക്കറെയ്‌ക്ക് ആഘാതമായിരുന്നു. ഇതോടെയാണ് ഉദ്ധവുമായി ചേര്‍ന്ന് മകന് ഭാവിയൊരുക്കാനുള്ള ശ്രമമാണ് രാജ് താക്കറെയുടെ മനം മാറ്റത്തിന് പിന്നില്‍.
ശിവസേനാ പ്രവര്‍ത്തകര്‍ക്കിടയില്‍ ജനകീയനായ ഏക്നാഥ് ഷിന്‍ഡേയുടെ സ്വാധീനം വര്‍ധിക്കുന്നതും താക്കറെ കുടുംബത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതോടെയാണ് നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ കുടുംബം ഒന്നിയ്‌ക്കാന്‍ ശ്രമിക്കുന്നത്. പണ്ട് പെണ്ണ് കേസില്‍ കുടുക്കി രാജ് താക്കറെയെ ഇല്ലാതാക്കി, പിതാവ് ബാല്‍താക്കറെയുടെ പിന്‍തുടര്‍ച്ച കൈപ്പിടിയിലൊതുക്കിയ ചരിത്രം ഉദ്ധവ് താക്കറെയ്‌ക്കുണ്ട്. ഈ ചതിയുടെ പിന്നാമ്പുറക്കഥകള്‍ ഉള്ളതിനാല്‍ എത്ര ദൂരം രാജ് താക്കറെ-ഉദ്ധവ് താക്കറെ ബന്ധം മുന്നോട്ട് പോകുമെന്ന് കണ്ടറിയണം.
അധികാരം നഷ്ടമായ ശരത് പവാര്‍ മകള്‍ സുപ്രിയാ സുലേയെ മഹാരാഷ്‌ട്രയിലെ അടുത്ത നേതാവായി ഉയര്‍ത്താനുള്ള കഠിനശ്രമത്തിലാണ്. ഇതിന് ശരത് പവാര്‍ മുന്നില്‍ക്കാണുന്ന വഴി താക്കറെമാരുടെ കൂടിച്ചേരലാണ്. എങ്കിലേ അവര്‍ക്കൊപ്പം മകളേയും കയറ്റിവിടാന്‍ കഴിയൂ എന്ന ശരത് പവാര്‍ കരുതുന്നു. അതുവഴി ഭിന്നിച്ചുനില്‍ക്കുന്ന മരുമകന്‍ അജിത് പവാറിന് മുകളില്‍ മകളെ പ്രതിഷ്ഠിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ശരത് പവാര്‍. മഹാരാഷ്‌ട്രയില്‍ അജിത് പവാര്‍ എന്‍സിപി പക്ഷം കരുത്താര്‍ജ്ജിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഗഡ് ചിരോളി, ചന്ദ്രപൂര്‍ മേഖലകളില്‍ നിന്നായി 400ഓളം എന്‍സിപി പ്രവര്‍ത്തകര്‍ അജിത് പവാര്‍ എന്‍സിപി പക്ഷത്ത് ചേര്‍ന്നിരുന്നു. അജിത് പവാറിന്റെ ഈ വളര്‍ച്ച ശരത് പവാറിനെ അസ്വസ്ഥനാക്കുന്നുണ്ട്.















