അഹമ്മദാബാദ് : ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം പതിനായിരം കോടി രൂപ ചെലവില്‍ ഗുജറാത്തില്‍ സ്ഥാപിക്കും. ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായിയാണ് ഇക്കാര്യം അറിയിച്ചത്.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ് ഐഎസ് ആര്‍ഒയുടെ പ്രധാന കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഗുജറാത്തിലെ ദിയുവിനും വെരാവലിനും ഇടയ്‌ക്കായിരിക്കും ഈ പുതിയ ബഹിരാകാശനിലയം സ്ഥാപിക്കുക.
എസ് എഎല്‍വി, പിഎസ് എല്‍വി ഉപഗ്രഹങ്ങളുടെ വിക്ഷേപണം, ട്രാക്കിംഗ്, ഉപഗ്രഹ ഒരുക്കങ്ങൾ എന്നിവയ്‌ക്ക് ഈ നിലയം സഹായകരമാകും. ഭൂമധ്യരേഖയ്‌ക്ക് അടുത്ത് കിടക്കുന്ന പ്രദേശമാണ് ഗുജറാത്ത് എന്നതിനാല്‍ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് തന്ത്രപരമായ മുന്‍തൂക്കം ലഭിയ്‌ക്കും.
ഐഎസ് ആര്‍ഒയുടെ 70 ശതമാനം ജോലികളും നാവിഗേഷന്‍, വാര്‍ത്താവിനിമയം, റിമോട്ട് സെന്‍സിംഗ് ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
നിരീക്ഷണം ശക്തമാക്കാന്‍ 52 പുതിയ ഉപഗ്രഹങ്ങള്‍ 2026 ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒയുടെ പുതിയ പദ്ധതികള്‍ വിശദീകരിക്കവേ നിലേഷ് ദേശായി പറഞ്ഞു. ചന്ദ്രയാന്‍5, ഗഗന്‍യാന്‍ പദ്ധതി, വീനസ് ഓര്‍ബിറ്റര്‍ എന്നിവയാണ് ഐഎസ്ആര്‍ഒയുടെ പുതിയ പദ്ധതികള്‍. .
കേന്ദ്രസര്‍ക്കാരിന്റെ ബഹിരാകാശ നയത്തിന്റെ ചുവടുപിടിച്ച് ഗുജറാത്ത് സര്‍ക്കാരും ഒരു ബഹിരാകാശനയം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: