തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ പ്രൊഫ. കെ.എസ്.അനില്‍ കുമാറിന്റെ നിയമനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി നിവേദനം നല്‍കി.
ചാന്‍സലറെയും വൈസ് ചാന്‍സലറെയും മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രജിസ്ട്രാര്‍ക്കും സര്‍വകലാശാല ഭരണത്തില്‍ അമിതാധികാരം നല്‍കുന്ന സര്‍വകലാശാലാ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്‌ക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പിഎം ശ്രീ പദ്ധതി ഉള്‍പ്പെടെ കേരളത്തിലെ വിവിധ സമകാലിക വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ചും പ്രതിനിധി സംഘം ഗവര്‍ണറുമായി ചര്‍ച്ചചെയ്തു. എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന അധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍, സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ്, സംസ്ഥാന ജോയിന്റ്‌സെക്രട്ടറി എം. ആര്യലക്ഷ്മി, സംസ്ഥാന സംഘടനാ സെക്രട്ടറി സി.ഐ. വിപിന്‍ കുമാര്‍, സംസ്ഥാന സഹസംഘടനാ സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
















