കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് ജില്ലയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.
പൊതുജനങ്ങള്‍ പരമാവധി കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. മക്കരപറമ്പ് ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകള്‍, കൂടിലങ്ങാടി-11, 15 വാര്‍ഡുകള്‍, മങ്കട 14ാം വാര്‍ഡ്, കുറുവ 2, 3, 5, 6 വാര്‍ഡുകള്‍ എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും കടുത്ത നിയന്ത്രണങ്ങളുണ്ട്. മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കി.
കോഴിക്കോട് ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിള്‍ പൊസിറ്റീവാണ്.
യുവതിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം 28ന് അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിച്ച 18കാരി ഒന്നാം തീയതി മരിച്ചു.
പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചു.കുടുംബാംഗങ്ങളെ അടക്കം പ്രത്യേകം പാര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സമ്പര്‍ക്ക പട്ടികയില്‍ 345 പേര്‍ ആണുളളത്.
















