തിരുവനന്തപുരം: വഴിവിട്ട രാഷ്‌ട്രീയം കളിച്ച് കേരള സര്‍വകലാശാലയിലെ സ്ഥാനം പോയ രജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാറിന്റെ പ്രിന്‍സിപ്പല്‍ നിയമനവും റദ്ദായേക്കും. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് അനില്‍കുമാറിന് പ്രിന്‍സിപ്പല്‍ സ്ഥാനം നല്‍കിയത്. പ്രിന്‍സിപ്പല്‍ നിയനത്തിന് രൂപീകരിക്കേണ്ട ഇന്റര്‍വ്യൂ ബോര്‍ഡു പോലും രൂപീകരിക്കാതെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരിലായിരുന്നു നിയമനമെന്നാണ് വിവരം.
അങ്ങനെയാണെങ്കില്‍ അയോഗ്യത പൂര്‍വകാല പ്രാബല്യത്തില്‍ നടപ്പാക്കി, വാങ്ങിയ അധിക ശമ്പളവും ആനുകൂല്യങ്ങളും തിരികെ പിടിക്കേണ്ടി വരും.സുപ്രീം കോടതി ശരിവച്ച ഒരു കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുളള പ്രിന്‍സിപ്പല്‍ നിയമന വ്യവസ്ഥ അനില്‍കുമാറിന്റെ കേസിലും ബാധകമാണ്. യു ജി സി റഗുലേഷന്‍സ് നടപ്പായ 2018 ന് ശേഷമാണ് ഡോ. അനില്‍കുമാറിന്റെ പ്രിന്‍സിപ്പല്‍ നിയമനം.
ഡോ. ഡി. രാധാകൃഷ്ണപിള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളേജ് നിയമനത്തില്‍ കാട്ടിയ കൃത്രിമത്തിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് കോടതി വിധികള്‍ വന്നത്. യുജിസി റെഗുലേഷന്‍ നടപ്പിലാക്കാന്‍ കേരള സര്‍വകലാശാല 2018 സെപ്തംബറിലെ ഉത്തരവ് പ്രകാരം തീരുമാനിച്ചതാണ്. ഇതിനു ശേഷമാണ് ഡോ. കെ.എസ്. അനില്‍ കുമാറിനെ പ്രിന്‍സിപ്പലായി നിയമിച്ചത്. ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കാതെ നടപ്പിലാക്കിയ പ്രിന്‍സിപ്പല്‍ പദവിയിലേക്കുള്ള സ്ഥാനക്കയറ്റം സര്‍വകലാശാല ഉത്തരവിന്റെ ലംഘനമാണ്. അന്ന് അംഗീകാരത്തിനായുള്ള സബ് കമ്മിറ്റി അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിനുള്ള നിര്‍ദ്ദേശം നിരസിച്ചിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഉയര്‍ന്ന തലത്തിലുള്ള രാഷ്‌ട്രീയ ഇടപെടലിലൂടെയാണ് നിയമം നടന്നതെന്നറിയുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം വന്നാല്‍ ഡോ. അനില്‍കുമാറിന്റെ ജോലിക്കാര്യം ഏറെ അപകടത്തിലാകും. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: