കീവ്: ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയ വീണ്ടും സൈന്യത്തെ അയക്കുന്നു. റഷ്യക്കൊപ്പമുള്ള സൈനിക സാന്നിധ്യം മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുന്നതിനായി 30,000 സൈനികരെയാണ് ഇത്തവണ അയക്കുന്നത്. ഇതിന് മുമ്പ് 11,000 സൈനികരെ അയച്ചിരുന്നു. ഇതില്‍ നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചിലര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് വീണ്ടും സൈന്യത്തെ നല്‍കുന്നത്.
നേരത്തെ ഉത്തരകൊറിയയില്‍ നിന്നുള്ള സൈനികരെ എത്തിക്കാനായി ഉപയോഗിച്ചിരുന്ന കപ്പല്‍ റഷ്യന്‍ തുറമുഖത്ത് വന്നതിന്റെയും മറ്റൊരു കാര്‍ഗോ വിമാനം ഉത്തരകൊറിയയിലെ സുനാന്‍ വിമാനത്താവളത്തില്‍ എത്തിയതിന്റെയും സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പുതുതായി എത്തുന്ന ഉത്തരകൊറിയന്‍ സൈനികര്‍ക്കുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യാന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഉക്രൈനിലെ റഷ്യന്‍ അധിനിവേശ മേഖലകളിലായിരിക്കും ഈ സൈനികരെ വിന്യസിക്കുക. ഉത്തരകൊറിയയുമായി ചേര്‍ന്ന് റഷ്യ അതീവ രഹസ്യമായാണ് സൈനിക നീക്കം നടത്തിയത്. 2025 ഏപ്രിലില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ് ഇക്കാര്യം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: