തലയോലപറമ്പ്: കോട്ടയം മെഡിക്കൽ കോളേജിലെ ബലക്ഷമയമുള്ള കെട്ടിടം തകർന്ന് മരിച്ച തലയോലപറമ്പ് സ്വദേശി ബിന്ദു(52)വിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. ബിന്ദുവിനെ അവസാനമായി കാണാൻ നാട് ഒന്നാകെ ഒഴുകിയെത്തുകയാണ്. രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ കെടുകാര്യസ്ഥതയ്‌ക്കും അനാസ്ഥയ്‌ക്കും ബിന്ദു രക്തസാക്ഷിയാവുകയായിരുന്നു.
ഇന്ന് രാവിലെ ഏഴര മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. വികാരനിർഭരമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. തലയോലപ്പറമ്പു സ്വദേശി വിശ്രുതന്റെ ഭാര്യയാണ് ബിന്ദു. രോഗിയായ മകള്‍ക്കു കൂട്ടിരിക്കാനെത്തിയ ബിന്ദു കെട്ടിടം ഇടിയുമ്പോള്‍ ശുചിമുറിയില്‍ കുളിക്കുകയായിരുന്നു. സംഭവ ശേഷം അമ്മയെ കാണാനില്ലെന്ന് അച്ഛനെ മകള്‍ വിളിച്ചറിയിച്ചു. അദ്ദേഹമാണ് ഭാര്യയെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. ഇതോടെ തിരച്ചില്‍ തുടങ്ങി.
ഇതിനകം വിലപ്പെട്ട രണ്ടര മണിക്കൂറിലേറെ നഷ്ടപ്പെട്ടു. കെട്ടിടത്തില്‍ ആള്‍ കുടുങ്ങിയെന്നറിഞ്ഞ് മണ്ണുമാന്തിയും മറ്റുമെത്തിച്ചെങ്കിലും അവയ്‌ക്കു പോകാന്‍ വഴിയില്ലായിരുന്നു. പിന്നീടു ചെറിയ മണ്ണുമാന്തിയെത്തിച്ച് ഇടുങ്ങിയ ഇടനാഴി പൊളിച്ച് അകത്തുകടത്തി ഗേറ്റ് തകര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും ബിന്ദുവിനെ പുറത്തെടുത്തതും. ആസമയത്ത്ജീവനുണ്ടായിരുന്നെങ്കിലും അധികം വൈകാതെ മരിച്ചു. നേരത്തേ പുറത്തെടുക്കാനായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
തലയോലപ്പറമ്പിലെ വസ്ത്രശാലാ ജീവനക്കാരിയാണ് ബിന്ദു. വിശ്രുതന്‍ നിര്‍മാണത്തൊഴിലാളിയും. മകൾ നവമി ആന്ധ്ര അപ്പോളോ ഹോസ്പിറ്റലില്‍ നാലാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്. മകന്‍ നവനീത് എറണാകുളത്ത് സിവില്‍ എന്‍ജിനീയര്‍.
















