Kerala

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

Published by

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്.

തകർന്നുവീണ വാർഡിന് സമീപത്തെ കുളിമുറിയിലേയ്‌ക്ക് ബിന്ദു പോയതായി ഭർത്താവ് വിശ്രുതൻ പറയുന്നു. ദമ്പതികളുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവർ കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിനടിയിൽ ഉണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് ഈ കെട്ടിടത്തിൽ നേരത്തെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. കൂടുതൽ ആളുകൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക