തിരുവനന്തപുരം: കേരള സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ വൈസ് ചാൻസലർ ചുമതലയേറ്റു. എസ് എഫ് ഐയുടെ പ്രതിഷേധത്തിനിടെ ഇന്ന് കേരള സർവകലാശാല ആസ്ഥാനത്ത് എത്തി ഡോ. സിസാ തോമസ് വൈസ് ചാൻസലറായി ചുമതലയേറ്റു. നിലവിലെ വൈസ് ചാൻസലർ ഡോ, മോഹൻ കുന്നുമ്മൽ റഷ്യൻ സന്ദർശനത്തിന് പോകുന്ന പശ്ചാത്തലത്തിലാണ് ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സിസ തോമസിന് അധികച്ചുമതല നൽകാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ തീരുമാനിച്ചത്.
ഭാരതാംബാ വിവാദത്തിൽ സസ് പെൻഷനിലായ രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി ചുമതലയേറ്റയുടൻ ഡോ. സിസ തോമസ് സസ്പെൻ്റ് ചെയ്തു. എസ്എഫ്ഐ എന്താണെന്ന് സിസ തോമസിന് അറിയാമെന്നും ചുമതല ഏൽക്കാൻ വരട്ടെ അപ്പോൾ കാണാമെന്നുമാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദൻ പ്രതികരിച്ചത്. എന്നാൽ ചാൻസലറായ ഗവർണർ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുമെന്നും ചുമതല ഏറ്റെടുക്കണമെന്ന ഉത്തരവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സിസ തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജൂലായ് എട്ടാം തീയതി വരെയാണ് സിസ തോമസിന് ചുമതല നൽകിയിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ഗവർണർ ആയിരിക്കെ ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാല വി.സി സ്ഥാനം ഏറ്റെടുത്തത് സർക്കാരുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ഇത് കാരണം സിസയുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വച്ചിരുന്നു. നീണ്ട നിയമപോരാട്ടത്തിന് ശേഷം അടുത്തിടെയാണ് സിസയ്‌ക്ക് പെൻഷൻ ആനുകൂല്യങ്ങൾ കിട്ടിയത്. ഇതിന് പിന്നാലെയാണ് കേരള സർവകലാശാല വി.സിയുടെ അധികച്ചുമതല കൂടി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: