‘ഭരണഘടനാ ഭേദഗതികളെ സംബന്ധിച്ച് സിപിഐ(എം)’ എന്ന ലഘുലേഖയില്‍ സോഷ്യലിസം, മതേതരത്വം ഭേദഗതികളെപ്പറ്റി സിപിഎമ്മിന്റെ വിലയിരുത്തല്‍ നോക്കാം.
‘വരുന്ന പുറങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യുടെ വീക്ഷണങ്ങളാണ് പരാമര്‍ശിക്കപ്പെടുന്നത്.
ഈ രേഖയുടെ അന്തിമരൂപം തയ്യാറാക്കപ്പെട്ടതിനുശേഷം ഭരണഘടനയില്‍ മാറ്റങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി നിയോഗിച്ച സ്വരണ്‍ സിംഗ് കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ അധികാരപരിധിയെ സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ലഘുവായ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് കൂടാതെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആമുഖത്തില്‍ സോഷ്യലിസം മതേതരത്വം എന്നിവ കൂടെ കൂട്ടിച്ചേര്‍ക്കണം എന്ന് നിര്‍ദ്ദേശിച്ചു.’
‘ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഗവണ്‍മെന്റ് മുതലാളിത്തം കെട്ടിപ്പടുക്കുകയും വിദേശിയും ഇന്ത്യനുമായ കുത്തകകളെ ശക്തിപ്പെടുത്തുകയും ഭൂപ്രഭുക്കളുടെ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ തന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് രീതി, ജനാധിപത്യ സോഷ്യലിസം എന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ രാഷ്‌ട്രീയ വാചകക്കസര്‍ത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ ഭരണഘടനയുടെ ആമുഖത്തിന് ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുള്ളതും. സോഷ്യലിസം മുന്നേറ്റം നടത്തുകയും മുതലാളിത്തം തകരുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ലോകത്തിലെങ്ങും സോഷ്യലിസ്റ്റ് ആശയങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുകയും അവര്‍ സോഷ്യലിസ്റ്റ് ഭാവിക്കായി പ്രയത്‌നിക്കുകയും ചെയ്യും. ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ദേശീയ സോഷ്യലിസം ജനാധിപത്യ സോഷ്യലിസം മനുഷ്യത്വപരമായ സോഷ്യലിസം എന്നിങ്ങനെയുള്ള മുഖപടങ്ങള്‍ എടുത്തണിയും. ഭരണാധികാരി വര്‍ഗം അവരുടെ പിന്തിരിപ്പന്‍ ചൂഷണ അധിഷ്ഠിത നയങ്ങള്‍ മറച്ചുവയ്‌ക്കാന്‍ വേണ്ടി ഇത്തരം തന്ത്രങ്ങള്‍ നടപ്പാക്കിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. സ്വരണ്‍ സിംഗ് കമ്മിറ്റിയുടെ ഇപ്പോഴത്തെ ഭേദഗതി നിര്‍ദ്ദേശങ്ങളും ഈ ഗണത്തില്‍പ്പെടുന്നു. എല്ലാ പിന്തിരിപ്പന്‍ നിക്ഷിപ്ത താല്‍പര്യങ്ങളെയും ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ മുതലാളിത്തം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണെന്ന സത്യത്തെ സോഷ്യലിസ്റ്റ് മുഖംമൂടിയിട്ടുകൊണ്ട് മറയ്‌ക്കാനാകില്ല.’
തുടര്‍ന്നും, ഭരണഘടനാ ഭേദഗതികളുടെ പൊള്ളത്തരങ്ങളെയും രാഷ്‌ട്രീയ പശ്ചാത്തലത്തെയും കര്‍ക്കശമായ ഭാഷയില്‍ തുറന്നുകാട്ടുകയാണ് സിപിഎം. ജനാധിപത്യ അവകാശങ്ങളെ ഹിംസിക്കുകയും തൊഴിലാളി വിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അടിയന്തരാവസ്ഥക്കാലത്ത് തന്നെ ഇത്തരം ഭരണഘടനാ ഭേദഗതികള്‍ നടപ്പിലാക്കിയതിലെ വൈരുദ്ധ്യവും അപഹാസ്യതയും സിപിഎം ചൂണ്ടിക്കാണിക്കുന്നു. ‘ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ വരുന്ന ഈ സമയത്തു തന്നെയാണ് ട്രേഡ് യൂണിയന്‍ അവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും പ്രയോഗിക്കാന്‍ അനുവദിക്കാതിരിക്കുന്നത്. പാര്‍ലമെന്റിലെ അംഗങ്ങളുടെ പ്രസംഗങ്ങള്‍ പോലും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്ത എക്‌സിക്യൂട്ടീവിന്റെ നടപടികള്‍ പോലും ചോദ്യം ചെയ്യാന്‍ പാര്‍ലമെന്റിന് ആവുന്നില്ല. വാസ്തവത്തില്‍ ഈ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുള്ളത് രാജ്യത്തിനകത്ത് അതിനെ സംബന്ധിച്ചൊരു ചര്‍ച്ച പോലും അസാധ്യമായ സമയത്താണ്. ഭരിക്കുന്ന പാര്‍ട്ടിയുടെയും അതിനെ പിന്താങ്ങുന്നവരുടെയും വീക്ഷണങ്ങള്‍ കിട്ടാവുന്ന എല്ലാ മാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നു.’
വിപ്ലവത്തിലൂടെ ‘ശാസ്ത്രീയ സോഷ്യലിസം’ നടപ്പിലാക്കാന്‍ പരിശ്രമിച്ചിരുന്ന സിപിഎമ്മിന് വെറുമൊരു ഭരണഘടനാ ഭേദഗതിയിലൂടെ ഭാരതത്തെ സോഷ്യലിസ്റ്റ് രാജ്യമാക്കിയത് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഭേദഗതികളെ ‘ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗതാല്പര്യങ്ങള്‍ക്കായി അതിന്റെ ഭരണ കുത്തക നിലനിര്‍ത്താനും ഭരണനിര്‍വഹണ വിഭാഗത്തിന് അനിയന്ത്രിതാധികാരം നല്‍കുവാനും ഭരണഘടനയെ ഏകകക്ഷി ഭരണത്തിനുള്ള ഉപകരണങ്ങളാക്കാനുമുള്ള ശ്രമങ്ങളായാണ്’ സിപിഎം കണ്ടത്.
‘സ്വരണ്‍ സിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ഉപകരണമാണ്. അതിന്റെ ലക്ഷ്യം (1) ജനങ്ങളുടെ മൗലികാവകാശങ്ങളെ ആക്രമിക്കുക. (2) നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനപരമായ അധികാരങ്ങളെ ഇല്ലാതാക്കുക. (3) സംസ്ഥാനങ്ങളുടെ അധികാരം പ്രഹസനമാക്കി തീര്‍ക്കും വിധം സംസ്ഥാനാധികാരങ്ങള്‍ മറികടക്കുകയും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെയും ജനാധിപത്യത്തെയും കുറയ്‌ക്കുക. (4) നടപടികളിലും നീതിയിലും മാറ്റം വരുത്തി പാര്‍ലമെന്റിനു തന്നെ പ്രാധാന്യം കുറയ്‌ക്കുക. (5) ഇതെല്ലാം വഴി എല്ലാ അധികാരങ്ങളും ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴില്‍ കൊണ്ടുവരികയും അതൊരു കോക്കസിനെ കൈകാര്യം ചെയ്യാവുന്ന അവസ്ഥയുണ്ടാക്കുകയുമാണ്. ഇതിനുവേണ്ടിയാണ് പാര്‍ലമെന്റിന്റെ പരമാധികാരം എന്ന മുദ്രാവാക്യം ഉയര്‍ത്തിയിട്ടുള്ളത്,’ സിപിഎം ആരോപിക്കുന്നു.
സോഷ്യലിസം, മതേതരത്വം ഭേദഗതികളെ എതിര്‍ക്കുന്ന സിപിഎം അവയ്‌ക്ക് ബദലായി മുന്നോട്ട് വയ്‌ക്കുന്ന 26 ഇന ഭേദഗതികളിലും സമാനമായ നിര്‍ദ്ദേശങ്ങളൊന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രസ്തുത ഭേദഗതി ഇന്ദിരാ ഗാന്ധിയുടെ വെറും രാഷ്‌ട്രീയ തന്ത്രം മാത്രമാണെന്ന് എണ്ണിപ്പറഞ്ഞ് വിമര്‍ശിക്കുന്നുമുണ്ട്. മാത്രമല്ല, മതേതരത്വത്തിനും സോഷ്യലിസത്തിനും പകരം സിപിഎം നിര്‍ദ്ദേശിക്കുന്നത്, ‘എല്ലാ പൗരന്മാര്‍ക്കും ചെറിയ ആയുധങ്ങള്‍ കൈവശം വയ്‌ക്കുന്നതിനുള്ള’ മൗലികാവകാശം ഉറപ്പാക്കണമെന്നാണ്. ഒപ്പം, രാഷ്‌ട്രപതി, ഗവര്‍ണര്‍മാര്‍ മുതലായവരുടെ അധികാരങ്ങളെ പരിമിതപ്പെടുത്തുവാനും, ഗവര്‍ണറെ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന നിയമസഭയ്‌ക്ക് നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ എന്തായിരിക്കും ഭാരതത്തിന്റെ ഭരണഘടന എന്നതിന്റെ നേര്‍സാക്ഷ്യമാണ് സിപിഎം നിര്‍ദ്ദേശിക്കുന്ന ബദല്‍ ഭേദഗതികള്‍.
അടിയന്തരാവസ്ഥക്കാലത്ത് തങ്ങള്‍ ആര്‍എസ്എസിനൊപ്പമായിരുന്നെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ അതിന്റെ പേരില്‍ അകത്തുനിന്നും പുറത്തുനിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അടിയന്താവസ്ഥക്കാലത്തെ ഭരണഘടനാ ഭേദഗതികളിലും സിപിഎം അന്നും ആര്‍എസ്എസ് അഭിപ്രായത്തോടൊപ്പമായിരുന്നെന്നാണ് ‘ഭരണഘടനാ ഭേദഗതികളെ സംബന്ധിച്ച് സിപിഐഎം’ എന്ന ലഘുലേഖ വെളിപ്പെടുത്തുന്നത്. ആര്‍എസ്എസ് ഇന്നും തങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് അണുവിട മാറിയിട്ടില്ല എന്ന് സര്‍കാര്യവാഹിന്റെ പ്രസ്താവന അടിവരയിടുമ്പോള്‍, അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ നിലപാട് മാറിയോ എന്നത് വ്യക്തമാക്കേണ്ടത് സിപിഎമ്മാണ്. ഈ വിഷയത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹിന്റെ രണ്ടു വരി പ്രസ്താവനയെ ഭരണഘടനയ്‌ക്കെതിരായുള്ള അക്രമമായി ചിത്രീകരിക്കുന്നവര്‍, സിപിഎമ്മിന്റെ 27 പേജുകള്‍ നീളുന്ന ഈ രാഷ്‌ട്രീയ രേഖയെ എങ്ങനെയാണ് വ്യാഖ്യാനിക്കുക എന്നറിയാനും കൗതുകമുണ്ട്.
(അവസാനിച്ചു)
(മാധ്യമപ്രവര്‍ത്തകനും സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസില്‍ ഫെല്ലോയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: