ചെന്നൈ: സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞുപോയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹിതയായി മൂന്നാം ദിവസം നവവധു ജീവനൊടുക്കി. ആവഡി പൊന്നേരിയിലാണ് സംഭവം. 22 കാരിയായ ലോകേശ്വരിയാണ് മരിച്ചത്. ജൂണ്‍ 27 നായിരുന്നു കട്ടാവൂര്‍ സ്വദേശിയായ പനീറുമായുള്ള (37) ഇവരുടെ വിവാഹം. . തുടര്‍ന്ന് ഭര്‍ത്താവിന്‌റെ വീട്ടിലെത്തിയപ്പോള്‍ സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നു പറയുന്നു. അഞ്ച് പവന്‍ സ്വര്‍ണം നല്‍കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും നാലു പവന്‍ മാത്രമേ നല്‍കിയുള്ളൂവെന്ന് ഭര്‍ത്താവിന്റെ കുടുംബം ആരോപിച്ചു. ബാക്കി സ്വര്‍ണ്ണത്തിന്റെ പേരില്‍ തര്‍ക്കം രൂക്ഷമായതോടെ കുളിമുറിയില്‍ കയറി വധു ജീവനൊടുക്കുകയായിരുന്നെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ നടപടി ആരംഭിച്ചതായും ആവഡി പോലീസ് പറഞ്ഞു.
















