കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയില്‍ നിന്ന് വിവാഹ മോചനം നേടി പൊന്നാമറ്റം ഷാജു സക്കറിയാസ് . ജോളിക്കെതിരെ ഭര്‍ത്താവ് ഷാജു 2021ല്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയാണ് കോഴിക്കോട് കുടുംബകോടതി അനുവദിച്ചത്. പലതവണ കേസ് പരിഗണിച്ചിട്ടും എതിര്‍ഭാഗം ഹാജരായിരുന്നില്ല. ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ആളോടൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷം 2017ലാണ് ഷാജുവും ജോളിയും വിവാഹിതരായത്.
2002 മുതല്‍ 2016വരെയുള്ള കാലയളവില്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), ഷാജുവിന്റെ ആദ്യഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.
















