ന്യൂദൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കാണിച്ച് കിരണ്‍കുമാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനം എടുക്കും വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചത്.
വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എഎംവിഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു.
എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 2021 ജൂൺ 21നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 100 പവൻ സ്വർണം, ഒരേക്കർ വസ്‌തു, 12 ലക്ഷം രൂപയുടെ ടയോട്ട യാരിസ് കാർ എന്നിവയാണ് വിസ്‌മയയ്‌ക്ക് സ്ത്രീധനമായി നൽകിയത്. ആറുമാസം തികയും മുമ്പ് കാർ മോശമാണെന്നും മറ്റൊന്നു വാങ്ങാൻ 10 ലക്ഷം നൽകണമെന്നും വിസ്‌മയയുടെ അച്ഛനമ്മമാരോട് കിരൺ ആവശ്യപ്പെട്ടത്.
സാക്ഷികളില്ലാത്ത കേസിൽ ശാസ്‌ത്രീയ തെളിവുകളായിരുന്നു ആശ്രയം. കിടപ്പുമുറിയിലുണ്ടായിരുന്ന വസ്‌തുക്കൾ, അടയാളങ്ങൾ, ഫോൺ സംഭാഷണങ്ങൾ, വാട്‌സാപ് സന്ദേശങ്ങൾ, ജൂൺ 21നു പുലർച്ചെ വിസ്‌മയയെ എത്തിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവം നടന്ന് 80 ദിവസത്തിനകം അന്വേഷകസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 2022 ജനുവരി 10ന് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. ഇടവേളയില്ലാതെ മെയ് 17ന് കേസിന്റെ വിചാരണ പൂർത്തിയാക്കി.
വകുപ്പുതല അന്വേഷണത്തെ തുടർന്ന് 2021 ആഗസ്ത് ആറിന് കിരണിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: