എല്ലാ പത്രങ്ങളും വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന സാഹചര്യത്തില്‍ ജന്മഭൂമിയും അതേ നിലപാട് സ്വീകരിക്കണമോ എന്ന് ആലോചിക്കാന്‍ പത്രത്തിന്റെ ചുമതലയില്‍ പെട്ട പ്രധാനപ്പെട്ടവര്‍ യോഗം ചേര്‍ന്ന കാര്യം അന്ന് ജന്മഭൂമിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന, പിന്നീട് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പുത്തൂര്‍മഠം ചന്ദ്രന്‍ ഓര്‍ക്കുന്നു.
പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടി, ഡയറക്ടര്‍മാരിലൊരാളായ വി.സി. അച്യുതന്‍, പി. നാരായണ്‍ജി, പുത്തൂര്‍മഠം ചന്ദ്രന്‍ തുടങ്ങിയവരാണ് ആ യോഗത്തില്‍ പങ്കെടുത്തത്. ജന്മഭൂമിക്ക് വാര്‍ത്ത സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ലാത്തതിനാല്‍ അടിയന്തരവാസ്ഥയുമായി ബന്ധപ്പെട്ട എല്ലാവാര്‍ത്തകളും കൊടുക്കാമെന്ന് നെടുങ്ങാടി സാര്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമി അന്ന് മുഖ്യധാരയില്‍ പ്രവേശിച്ചിട്ടില്ലാത്തതിനാലാവാം സര്‍ക്കാര്‍ നിര്‍ദേശം എത്താതിരുന്നത്.
നിര്‍ദേശമില്ലാത്തതിനാല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ ശക്തമായ പ്രതികരണങ്ങളോടെ തന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജന്മഭൂമി ഇറങ്ങി. മറ്റ് പത്രങ്ങള്‍ ഭരണാധികാരികളുടെ നിര്‍ദേശം അനുസരിച്ച് അടിയന്തരാവസ്ഥാ വാര്‍ത്തകളൊന്നും കൊടുക്കാതെ നിയന്ത്രണം പാലിച്ചു (പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞാണ് പത്രവാര്‍ത്തകള്‍ പിആര്‍ഡി ഓഫീസില്‍ സെന്‍സറിങ്ങിന് വിധേയമാക്കിയ ശേഷം മാത്രം പ്രിന്റ് ചെയ്യുക എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്).
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പുണ്ടായ അലഹബാദ് കോടതി വിധിയുടെയും (ഇന്ദിരാഗന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തുകൊണ്ടുള്ള വിധി) ആ സമയത്ത് ഇന്ദിര സര്‍ക്കാരിനെതിരെ നടന്ന ശക്തമായ ജനകീയ സമരങ്ങളുടെയുമൊക്കെ വാര്‍ത്തകള്‍ ജന്മഭൂമി കൊടുത്തുകൊണ്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം പ്രതിഷേധ സൂചകമായി എഡിറ്റോറിയല്‍ പ്രസിദ്ധപ്പെടുത്തുന്ന സ്ഥലം ശൂന്യമാക്കിയാണ് പത്രമിറക്കിയത്. അന്നു തന്നെ ദേശീയ നേതാക്കളുടെ (ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി തുടങ്ങിയവരുടെ) അറസ്റ്റ് വാര്‍ത്തയും മറ്റും അടുത്തദിവസം കൊടുത്തു. സ്ഥിരമായി ചെറിയൊരു റേഡിയോയില്‍ ബിബിസി വാര്‍ത്തകള്‍ കേള്‍ക്കാറുണ്ടായിരുന്ന നാരായണ്‍ജിയാണ് ഈ വിവരങ്ങളൊക്കെ അറിയിച്ചുകൊണ്ടിരുന്നത്.
ദേശീയ വാര്‍ത്തകളുള്‍പ്പെടെ മറ്റെങ്ങും കിട്ടാത്ത വിവരങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയതോടെ ആ ദിവസങ്ങളില്‍ ജന്മഭൂമി നിരവധിയാളുകളുടെ കൈകളിലെത്തി (പ്രിന്റ് ചെയ്യുന്നത് കുറച്ച് കോപ്പികളാണെങ്കിലും). അതോടെ പോലീസിന്റെ ശ്രദ്ധയിലും പെട്ടു. അങ്ങനെയാണ് ജൂലൈ 2ന് പോലീസ് ജന്മഭൂമി ഓഫീസിലെത്തി പത്രം അടച്ചുപൂട്ടിക്കുന്നത്. ജന്മഭൂമിയുടെ പ്രസാധകനും മാനേജിങ് ഡയറക്ടറുമായിരുന്ന യു. ദത്താത്രേയ റാവുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
















