തിരുവനന്തപുരം: ഇന്ന് ചുമതലയേറ്റ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ സുരക്ഷാ വീഴ്ച. ഡിജിപിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി എത്തിയ ആൾ മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിൽ കയറി ബഹളം വച്ചു.
റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ അരികിലെത്തി തന്റെ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ബഹളം വയ്‌ക്കുകയായിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. 30 വർഷം കാക്കിയിട്ട വേദനകൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ, 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ- എന്നാണ് ചില കടലാസുകൾ കാട്ടികൊണ്ട് ഇയാൾ പോലീസ് മേധാവിയോട് പറഞ്ഞത്.
പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. പരാതി പരിശോധിക്കാമെന്നാണ് വാർത്താസമ്മേളനത്തിനിടെ റവാഡ ചന്ദ്രശേഖർ ഇദ്ദേഹത്തിന് മറുപടി നൽകിയത്.
വാർത്താസമ്മേളനത്തിനിടെ ഇയാൾ എങ്ങനെയാണ് അകത്ത് കടന്നതെന്ന് പരിശോധിക്കുന്നുണ്ട്. പരാതിയുമായി അപ്രതീക്ഷിതമായി ഒരാൾ പോലീസ് മേധാവിയുടെ അടുത്തെത്തിയത് സുരക്ഷാവീഴ്‌ചയായാണ് വിലയിരുത്തുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡിജിപിക്കൊപ്പം എഡിജിപിമാരായ എച്ച് വെങ്കിടേഷും എസ് ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിശോധിക്കാമെന്ന് അറിയിച്ചു.
ബഷീർ വി.പി എന്നാണ് പേര് എന്നും കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പോലീസ് ഐഡി ഉപയോഗിച്ചായിരുന്നു ഇയാൾ അകത്തുകടന്നത്. നിലവിൽ ഗൾഫിലെ ഓൺലൈൻ മാദ്ധ്യമത്തിൽ പ്രവർത്തിക്കുകയാണ്. കണ്ണൂർ ഡിഐജി ഓഫീസിലാണ് എസ്ഐയായി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതി ഉന്നയിച്ചത്. കണ്ണൂർ വിമാനത്താവളത്തിലാണ് അവസാനമായി ജോലി ചെയ്തത്. 2023ൽ വിരമിച്ചെന്നും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
















