Kerala

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

ഡീനും അസിസ്റ്റന്റ് വാര്‍ഡനും നടപടികളുമായി സഹകരിക്കണമെന്നും കോടതി

Published by

കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം. സര്‍വകലാശാല നടപടി ചോദ്യം ചെയ്ത് മുന്‍ ഡീന്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പാക്കിയാണ് ഹൈക്കോടതി ഉത്തരവ്. പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരെയും ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി കെ സിംഗിന്റെ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ഡീനും അസിസ്റ്റന്റ് വാര്‍ഡനും നടപടികളുമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.സംസ്ഥാനത്ത് റാഗിംഗിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.

കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കിയിരുന്നു. 19 വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും വെറ്ററിനറി സര്‍വകലാശാല വ്യക്തമാക്കി.

19 പേര്‍ക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥന്റെ മാതാവ് എംആര്‍ ഷീബയുടെഹര്‍ജിയിലാണ്കോടതി ഉത്തരവ്. 18 വിദ്യാര്‍ഥികളെ നേരത്തെ മണ്ണൂത്തി കാമ്പസില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

തുടര്‍ന്നാണ് എംആര്‍ ഷീബ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതും 18 വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ തടഞ്ഞതും. 2024 ഫെബ്രുവരി 18നാണ് ബിരുദ വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ത്ഥനെ സര്‍വകലാശാല ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by