കോട്ടയം: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് കോട്ടയം വടവാതൂര്‍ സ്വദേശിയായ യുവാവിന്‌റെ ഒരു കോടി 64ലക്ഷം രൂപ തട്ടിയെടുത്ത വിരുതനെ വിശാഖപട്ടണത്തുനിന്ന് കോട്ടയം സൈബര്‍ പോലീസ് പിടികൂടി. ആന്ധ്ര സ്വദേശിയായ രമേഷ് വെല്ലംകുള (33) ആണ് അറസ്റ്റിലായത്.
ഓണ്‍ലൈനില്‍ ഷെയര്‍ ട്രേഡിംഗിനെ കുറിച്ച് ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്ത യുവാവിന് ഷെയര്‍ ട്രേഡിംഗില്‍ താല്പര്യമുണ്ടോ ഞങ്ങള്‍ സഹായിക്കാം എന്ന് കങ്കണ ശര്‍മയുടെ പേവാട്‌സാപ്പില്‍ മെസ്സേജ് ലഭിച്ചു. ‘നുവാമ വെല്‍ത്ത്’ എന്ന സ്ഥാപനത്തിന്‌റെ പേരിലായിരുന്നു വാഗ്ദാനം. ‘നുവാമ വെല്‍ത്ത് എന്ന സ്ഥാപനവും കങ്കണ ശര്‍മ എന്ന സ്റ്റാഫും നിലവിലുണ്ടെന്നായിരുന്നു ഓണ്‍ലൈന്‍ അന്വേഷണത്തില്‍ വ്യക്തമായത്. പിന്നീട് കങ്കണ ശര്‍മ്മയുടെ പേരില്‍ വാട്‌സ്ആപ്പ് വഴി ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്ത് യുവാവ് എത്തിപ്പെട്ടത് വ്യാജ കമ്പനിയുടെ സൈറ്റിലാണ്.
ഇതറിയാതെ വലിയ ലാഭം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പലപ്രാവശ്യമായി 1 കോടി 64 ലക്ഷത്തിലേറെ രൂപ അയച്ചുകൊടുക്കുകയായിരുന്നു. ഏപ്രില്‍ 28 മുതല്‍ മെയ് 20 വരെയുള്ള കാലയളവിലാണ് ഇടപാടു നടന്നത്. ‘നുവാമ വെല്‍ത്ത്’ എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ചും, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകള്‍ ഉപയോഗിച്ചും തട്ടിപ്പുകാര്‍ സംശയം തോന്നാത്ത രീതിയില്‍ വിശ്വാസ്യത ഉറപ്പുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
















