കൊച്ചി: അമിത തെറിപ്രയോഗത്തിന്റെ പേരില്‍ സംവിധായകനും നടനും തമ്മില്‍ കൊമ്പ് കോര്‍ത്തതിന് പിന്നാലെ വര്‍ഷങ്ങള്‍ക്കിപ്പുറം ചുരുളി സിനിമ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു.
നേരത്തെ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ച് ജോജു ജോര്‍ജ് രംഗത്തുവന്നിരുന്നു. പിന്നാലെ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമയുടെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി മറുപടിയുമായി എത്തി. സിനിമ സംബന്ധിച്ച എല്ലാ വിവരങ്ങളും ജോജുവിനോട് പറഞ്ഞിരുന്നതായും 3 ദിവസം ജോജു അതിഥി വേഷത്തിലെത്തിയതിന്റെ പണം നല്‍കിയതിന്റെ ബാങ്ക് രേഖകളടക്കം ലിജോ പുറത്തിവിട്ടു.
എന്നാല്‍ തന്റെ തെറി വെച്ചാണ് സിനിമ മാര്‍ക്കറ്റ് ചെയ്തതെന്നും മകള്‍ പോലും ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറഞ്ഞതായും അറിയിച്ച് പിന്നാലെ ജോജു പത്രസമ്മേളനം നടത്തി. ലിജോയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സിനിമ ചെയ്തത്. ഫെസ്റ്റിവെലിന് വേണ്ടിയുള്ള സിനിമയാണെന്ന് പറഞ്ഞാണ് അഭിനയിച്ചത്. ഇത് വ്യക്തിജീവിതത്തെ ഏറെ ബാധിച്ചു. സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഉണ്ടായില്ല. തെറിയില്ലാത്ത പതിപ്പും ഡബ്ബ് ചെയ്തിരുന്നു. പക്ഷേ നല്ല പണം കിട്ടിയപ്പോള്‍ അവര്‍ അത് ഒടിടിക്ക് വിറ്റു. തെറി പറഞ്ഞതിന് കേസ് വന്നു. ഈ നിമിഷം വരെ തനിക്കുണ്ടായ വിഷമങ്ങള്‍ ആരും അന്വേഷിച്ചിട്ടില്ല- ജോജു പറഞ്ഞു.
2021ല്‍ പുറത്തിറങ്ങിയ സിനിമ തെറി പ്രയോഗത്തിന്റെ പേരില്‍ വലിയ വിവാദമായിരുന്നു. ഇപ്പോഴത്തെ ഈ വിവാദത്തിന് പിന്നില്‍ സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാനുള്ള നീക്കമാണെന്ന സൂചനയുമുണ്ട്.
















