കോട്ടയം: അനധികൃത സ്വത്തു സമ്പാദനത്തിനും ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിലും വൈക്കം വെള്ളൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ മുന്‍ സെക്രട്ടറിക്കും മുന്‍ ക്ലാര്‍ക്കിനുമെതിരെ വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സെക്രട്ടറിയായിരുന്ന മേവെള്ളൂര്‍ ശങ്കരവിലാസത്തില്‍ എസ് ജി ധനഞ്ജയന്‍ (64) ക്ലാര്‍ക്ക് മേവെളളൂര്‍ ഊരത്ത് ലിജി തങ്കപ്പന്‍ (51) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി രേഖകളും പണവും പിടിച്ചെടുത്തതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രമക്കേടുകളില്‍ കണ്ടെത്തിയതിനു പിന്നാലെ ഇവരെ ബാങ്കില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ബാങ്ക് പ്രസിഡണ്ട് ഇവര്‍ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതും കേസെടുത്തതും. ധനഞ്ജയന്‍ 89.21 ലക്ഷവും ലിജി 14.37 ലക്ഷവും വരവില്‍ കവിഞ്ഞ് സമ്പാദിച്ചിട്ടുണ്ടെന്നും ഇത് ബാങ്ക് ക്രമക്കേടുകളില്‍ നിന്ന് സമ്പാദിച്ചതാണെന്നുമാണ് ആരോപണം.
















