ഫ്‌ളോറിഡ: അതു ഭാരതത്തിന്റെ, 140 കോടി ജനങ്ങളുടെ, ആത്മാഭിമാനം കുതിച്ചുയര്‍ന്ന നിമിഷം കൂടിയായിരുന്നു. ഭാരതീയനായ കമാന്‍ഡര്‍ ശുഭാംശു പൈലറ്റായ ആക്‌സിയം 4 വിജയകരമായി വിക്ഷേപിച്ച സമയം.
ഇന്നലെ ഉച്ചയ്‌ക്ക് 12.01നു ഫ്‌ളോറിഡ കേപ്പ് കനാവറില്‍ നാസ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു പുറപ്പെട്ട ആക്‌സിയം പുലര്‍ച്ചെ 2.30ന് (ഭാരത സമയം 6.30ന്) എത്തും. 14 ദിവസമാണ് ദൗത്യകാലയളവ്. ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ദൗത്യസംഘത്തിന്റെ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിക്കുക.
ഭാരതത്തിന്റെ, ഗഗന്‍യാനിന്റെ കമാന്‍ഡറാണ് ശുഭാംശു. ഇതോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഭാരതീയാകും അദ്ദേഹം. വിക്ഷേപണത്തിന്റെ ദൃശ്യങ്ങള്‍ ആക്‌സിയം സ്‌പേസ്, നാസ, സ്‌പേസ് എക്‌സ് എന്നിവ പുറത്തുവിട്ടു. സാങ്കേതിക പ്രശ്‌നങ്ങളും പ്രതികൂല കാലാവസ്ഥയും മൂലം ആറു തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് നേതൃത്വം നല്കുക. അമേരിക്കന്‍ കമ്പനി ആക്‌സിയത്തിന്റെ നാലാമത്തെ ദൗത്യമാണിത്. സ്ലാവോസ് ഉസ്‌നാസ്‌കി-വിസ്‌നിയോവിസ്‌കി (പോളണ്ട്), ടിബോര്‍ കോപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍.
ബഹിരാകാശ നിലയത്തില്‍ രണ്ടാഴ്ച 60ലേറെ പരീക്ഷണങ്ങളാണ് സംഘം നടത്തുക. ഈ ഗവേഷണങ്ങളില്‍ 31 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്.














