കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിക്കു മുമ്പാകെ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഒട്ടേറെ പേര്‍ മൊഴി നല്‍കിയെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ അവരാരും സന്നദ്ധത പ്രകടിപ്പിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. 35 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരെണ്ണം ആവര്‍ത്തനമായിരുന്നതിനാല്‍ ഒഴിവാക്കി. ഇവയുമായി ബന്ധപ്പെട്ട തുടര്‍നടപടികളാണ് അവസാനിപ്പിക്കുന്നതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. മനു വ്യക്തമാക്കി.
















