തിരുവനന്തപുരം: ഭരണഘടന അട്ടിമറിച്ച് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപക പരിപാടികളുമായി ബിജെപി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ പ്രധാന പരിപാടികളും മുപ്പത് സംഘടനാ ജില്ലകളില്‍ അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറുകളും ബി ജെ പി സംഘടിപ്പിക്കും.
ഈ മാസം 29 ന് തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സെമിനാര്‍, അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്റെ എക്‌സിബിഷന്‍, വാര്‍ത്താ സമ്മളനങ്ങള്‍, അടിയന്തരാവസ്ഥ പോരാളികള്‍ക്ക് ആദരവ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ‘എമര്‍ജന്‍സി ഡയറീസ്’ എന്ന പ്രധാനമന്ത്രി മോഡിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടം വിശദീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ജൂണ്‍ 27 ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍ എറണാകുളത്തും കേന്ദ്രമന്ത്രി ജോര്‍ജ് കൂര്യന്‍ പത്തനംതിട്ടയിലും പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ബി ജെ പി സംസ്ഥാന നേതാക്കള്‍ വിവിധ ജില്ലകളില്‍ നടക്കുന്ന സെമിനാറുകളില്‍ സംസാരിക്കും.
















