അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച 223 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ തിരിച്ചറിഞ്ഞു. 204 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി അറിയിച്ചു.
ഇതുവരെ 168 ഭാരതീയരുടെ മൃതദേഹങ്ങളാണ് കൈമാറിയത്. വിമാന അപകടത്തില്‍ മരിച്ചതില്‍ ഏഴ് പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരും 32 പേര്‍ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനുമാണ്. 15 പേരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗവും 189 പേരുടേത് റോഡ് മാര്‍ഗവും അവരുടെ വീടുകളില്‍ എത്തിച്ചു. അതിനിടെ അപകടത്തില്‍പ്പെട്ട വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ അറിയിച്ചു. കൃത്യമായി വിമാനത്തിന്റെ പരിശോധനകള്‍ നടത്തിയതായും അദ്ദേഹം ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നുണ്ട്. 2023 ജൂണിലാണ് എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് എഐ 171 ന് മുമ്പ് പരിശോധന നടന്നത്. ഡിസംബറിലായിരുന്നു അടുത്ത പരിശോധന. കൂടാതെ വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന് മാര്‍ച്ചിലും, ഇടത് എന്‍ജിന് ഏപ്രിലും പരിശോധന നടത്തി. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകള്‍ ഇല്ലായിരുന്നുവെന്നും കാംപ്‌ബെല്ലിന്റെ മെയിലില്‍ പറയുന്നുണ്ട്.
അപകടകാരണം വ്യക്തമല്ലാത്തതിനാല്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് വിശദമായ പരിശോധനകള്‍ക്കായി യുഎസിലേക്ക് അയക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കാംപ്‌ബെല്ലിന്റെ ഈ പ്രതികരണം. ബ്ലാക്‌ബോക്‌സിലെ വിവരങ്ങള്‍ ഡികോഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഎസിലേക്ക് അയക്കാന്‍ ഒരുങ്ങുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം വ്യോമയാന മന്ത്രാലയത്തിന്റേതാകും.












