തൃശൂര്‍:കനത്ത മഴയില്‍ ചൊവ്വന്നൂരില്‍ ഇരുനില വീട് തകര്‍ന്നു. അയ്യപ്പത്ത് റോഡില്‍ കോലാടിപറമ്പില്‍ ബിജേഷും കുടുംബവും താമസിച്ചുവന്ന വാടക വീടാണ് ഇന്നലെ പുലര്‍ച്ചെ തകര്‍ന്നത്. ചൊവ്വന്നൂര്‍ സ്വദേശി സദാനന്ദനാണ് വീടിന്റെ ഉടമ.
പുലര്‍ച്ചെ വീടിന്റെ ചുവരുകള്‍ പൊളിയുന്ന ശബ്ദം കേട്ട് ബിജേഷും ഭാര്യയും രണ്ടു കുട്ടികളും പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഇവര്‍ പുറത്തേക്കോടിയതിന് പിന്നാലെ വീട് നിലം പൊത്തി.വീട്ടുസാധനങ്ങളും നശിച്ചു. കുടുംബ ക്ഷേത്രത്തില്‍ പോകുന്നതിനായി ബിജേഷ് പുലര്‍ച്ചെ എഴുന്നേറ്റിരുന്നു.ഈ സമയമാണ് ചുമര്‍ പൊളിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ ഭാര്യയും കുട്ടികളുമായി പുറത്തേക്ക് ഓടി.മഴയില്‍ വീടിന്റെ ചുവരുകള്‍ക്കിടയിലേക്ക് വെള്ളം ഇറങ്ങിയതാണ് വീട് തകര്‍ന്നു വീഴാന്‍ കാരണം എന്നാണ് നിഗമനം. വീടിന്റെ തകര്‍ന്ന ഭാഗങ്ങള്‍ വീണ് സമീപത്തെ ടെറസ് കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു.
















