പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ പൊലീസ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഇരുപത് വയസുകാരി പ്രസവിക്കുന്നത്.കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. പ്രസവശേഷം പൊക്കിള്‍ക്കൊടി യുവതി തന്നെയാണ് മുറിച്ചുമാറ്റിയത്.കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ സമീപം വെച്ചതും താന്‍ തന്നെയെന്ന് യുവതി സമ്മതിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം ബുധനാഴ്ച നടക്കും.
യുവതി ആണ്‍ സുഹൃത്തില്‍ നിന്നാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചു. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അതേസമയം വീട്ടിലേക്ക് പൊലീസ് എത്തിയപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് യുവതിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് യുവതിയെന്നും മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. പെണ്‍കുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി സ്ഥിരീകരിച്ചു.
















