തിരുവനന്തപുരം: വെള്ളറട പനച്ചമൂട് പഞ്ചാംകുഴിയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടെന്ന സംശയത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുന്നു.പഞ്ചാംകുഴി സ്വദേശിനി പ്രിയംവദയെ (48) മൂന്നുദിവസം മുമ്പ് കാണാതായിരുന്നു. പ്രിയംവദയുടെ മൃതദേഹം സമീപവീട്ടില്‍ കുഴിച്ചിട്ടതായി നാട്ടുകാര്‍ ആരോപണമുന്നയിച്ചതോടെയാണ് സംശയം ഉയരാന്‍ കാരണം. പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് എന്നയാള്‍ കുറ്റം സമ്മതിച്ചെന്നും സൂചനയുണ്ട്.
കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു പ്രിയംവദ. ഭര്‍ത്താവുമായി പിരിഞ്ഞ ഇവര്‍ രണ്ട് പെണ്‍മക്കളുടെയും വിവാഹശേഷം പഞ്ചാംകുഴിയിലെ വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു താമസം.
മൃതദേഹം കുഴിച്ചിട്ടെന്ന് നാട്ടുകാര്‍ സംശയിക്കുന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ സഹോദരന്മാരായ വിനോദ്, സന്തോഷ് എന്നിവരെ കണ്ടതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം. ദുരൂഹ സാഹചര്യത്തില്‍ ഈ സഹോദരന്മാരെ ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ വീട്ടമ്മ സമീപത്തെ പള്ളി വികാരിയോടും പിന്നാലെ വെള്ളറട പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. രണ്ടുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. സമീപത്തെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതാണ് കൊന്ന് കുഴിച്ചിട്ടെന്ന സംശയത്തിന് കാരണം .
















