കൊല്ലം: സുഹൃത്തിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തതിന് തൊട്ടുപിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. പുനലൂർ മണിയാർ പരവട്ടം മഹേഷ് ഭവനിൽ മഹേഷ് കുമാർ (35) ആണ് മരിച്ചത്. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും മഹേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പുനലൂർ താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സുഹൃത്തിന്റെ പിതാവ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നു.
ഈ രോഗിക്ക് രക്തം നൽകാനാണ് മഹേഷ് എത്തിയത്. രക്തം ശേഖരിക്കുന്നതിനുമുമ്പ് പതിവുപോലെ യുവാവിന്റെ രക്തസമ്മർദം, പൾസ് അടക്കം ആശുപത്രിയിൽ പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.അസാധാരണമായി മറ്റൊന്നും കണ്ടെത്താത്തതിനെ തുടർന്ന് രക്തം ശേഖരിച്ചു. തുടർന്ന്, പുറത്തേക്കിറങ്ങി ശീതളപാനീയവും കുടിച്ചശേഷം യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഗ്യാസ്ട്രബിൾ ആയിരിക്കുമെന്നും കുഴപ്പമില്ലെന്നും മഹേഷ് ഡോക്ടറോട് പറഞ്ഞു.
എന്നാൽ, ഇസിജി എടുത്തപ്പോൾ നേരിയ വ്യത്യാസം ശ്രദ്ധയിൽപെട്ടു. ഉടനടി ഐസിയുവിൽ പ്രവേശിപ്പിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം മഹേഷിന്റെ ജീവൻ രക്ഷിക്കാൻ ഏറെനേരം പണിപ്പെട്ടു. അപകടനില തരണം ചെയ്താൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി അയക്കുന്നതിന് ആംബുലൻസും ക്രമീകരിച്ചെങ്കിലും മഹേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.












