Entertainment

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

Published by

വിയും നാടകകൃത്തും നാടക-ഹ്രസ്വചിത്ര സിനിമാ സംവിധായകനുമായ ഡോ. മധു മീനച്ചിലിന്റെ പുതിയ ഹ്രസ്വചിത്രം ‘നിഴല്‍ മരങ്ങള്‍’ പറയുന്നത് പരിസ്ഥിതിയുടെ വിഷയമാണ്. പ്രകൃതി, പരിസ്ഥിതി, ചൂരല്‍മല, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകന്‍, പ്രകൃതി നശീകരണക്കാര്‍, പ്രകൃതിസ്നേഹികള്‍ ഒക്കെയാണ് കഥാപാത്രങ്ങള്‍. ഇതൊക്കെ പതിവല്ലേ എന്നുതോന്നാം. എന്നാല്‍, നിഴല്‍ മരങ്ങള്‍ നല്‍കുന്ന സന്ദേശമുണ്ട്; അത് അസാധാരണമാണ്, സാര്‍വകാലികമാണ്. അത് പ്രകൃതി-പ്രപഞ്ച സംരക്ഷണത്തിന്റെ സകലമാന പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുയര്‍ത്തുന്ന ഒരു ചോദ്യമാണ്. ഈ ഹ്രസ്വചിത്രം കാണികളുടെ ഉള്ളിലേക്ക് തറയ്‌ക്കാന്‍ പായുന്ന അസ്ത്രമായി മാറുന്നത് ആ ചോദ്യത്തിലൂടെയാണ്. എക്കാലത്തേക്കുമുള്ള പരിസ്ഥിതി സന്ദേശമായി ചിത്രം മാറുന്നു.

പാറമട മുതലാളിയുടെ തല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അദ്ധ്യാപകന്‍ കൊലചെയ്യപ്പെടുന്നു. മരിക്കും മുമ്പ്, ചൂരല്‍മലയില്‍ ദുരന്തത്തില്‍പെട്ട വെള്ളാര്‍മല സ്‌കൂളിലെ അദ്ധ്യപകന്‍ അനുഭവിച്ച ജീവിതവ്യഥ,അദ്ദേഹം തുടങ്ങിവെച്ച പ്രവര്‍ത്തനം തുടരാന്‍ അടുത്ത തലമുറ നേരിടുന്ന തടസ്സങ്ങള്‍, മാഷിനെ അത്രമേല്‍ സ്നേഹിച്ച വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ അതിതീവ്രമായി ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നു.

രണ്ടുവിദ്യാര്‍ത്ഥികള്‍ അവര്‍ അത്രമേല്‍ സ്നേഹിച്ചിരുന്ന വാസുമാഷ് സമ്മാനിച്ച മരത്തൈകള്‍ നടാന്‍ സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ വാടക വീട്ടുമുറ്റത്ത് അതിനു അനുമതി കിട്ടാതെ, വഴിയോരത്തും അമ്പലപ്പറമ്പിലും അനുവാദം കിട്ടാതെ ഒടുവില്‍ വാസുമാഷിന്റെ പട്ടടയ്‌ക്കരികില്‍ മരം നടാന്‍ ഇടം കണ്ടെത്തേണ്ടിവരുന്ന കഥ.

വാസുമാഷും വിദ്യാര്‍ത്ഥികളായ ജിത്തുവും ചാരുവും മരത്തൈ നടാന്‍ ഇടം തേടി നിത്യമായി അലയുന്ന സങ്കല്‍പ്പ കാഴ്ചയിലാണ് സിനിമാന്ത്യം: അത് മരങ്ങള്‍ക്കപ്പുറമുള്ള കൊടും നിഴലായി കാണികളുടെ ഹൃദയത്തില്‍ കിടക്കും. അങ്ങനെ ഇടമില്ലായ്മയുടെ ഇടമായി മാറുകയാണ് നിഴല്‍ മരങ്ങള്‍.

വയനാട് ചൂരല്‍മലയില്‍ ദുരന്തത്തിനടിപ്പെട്ട വെള്ളാര്‍ മലയിലെ സ്‌കൂളും പരിസരവും, വയനാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

സ്‌ക്രിപ്റ്റ്: ഡോ.മധു മീനച്ചില്‍, അസോ. ഡയറക്ടര്‍:അനൂബ് ബേബി, അസി.ഡയറക്ടര്‍: ശരത്പാല്‍ എസ്.കൃഷ്ണന്‍, ഛായാഗ്രഹണം:ഉണ്ണി നീലഗിരി, എഡിറ്റിങ്: ബോധി പ്രസൂന്‍, ആര്‍ട്ട് ഡയറക്ടര്‍: സുനില്‍ തേഞ്ഞിപ്പലം, ഗായകന്‍: മനു രാജ്, ഗ്രാഫിക്‌സ്: രാജേന്ദ്രന്‍ മാഗ് കോം, സൗണ്ട് മിക്‌സിങ്: പ്രവിജിത് പ്രഭാകര്‍, ക്യാമറ അസി.: ആവണി, ലക്ഷ്മി (മാഗ് കോം), അഭിനേതാക്കള്‍: കാവാലം ശശികുമാര്‍, ആരുഷ് രവി പി.എം, ചേതനാ കൃഷ്ണ, സി.കെ. ബാലകൃഷ്ണന്‍ വയനാട്, ശിവാനന്ദന്‍ എറങ്ങാട്ട്, അനിത എറങ്ങാട്ട്, പ്രകാശന്‍ ചെമലത്തൂര്‍, ശ്രീകുമാര്‍.എന്‍, നിവേദിത മാഗ് കോം,അഞ്ജന മാഗ് കോം, പ്രണയ മാഗ് കോം, മനോഹരന്‍.വി, എടത്തൊടി വിജയകൃഷ്ണന്‍, മടത്തൊടിയില്‍ കൃഷ്ണരാജ്, മനോഹരന്‍.വി.സോഷ്യല്‍ മീഡിയയില്‍ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ‘നിഴല്‍ മരങ്ങള്‍’ യുട്യൂബില്‍ കാണാം. https://youtu.be/hR1TvIkAA00

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by