തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയെ സസ്പന്‍ഡ് ചെയ്തു. കിളിമാനൂര്‍ രാജാ രവിവര്‍മ സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്‌കൂള്‍ മാനേജ്‌മെന്റ് സസ്പന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനിക്കെതിരെ അധ്യാപിക നടത്തിയ വ്യാജ ആരോപണത്തിലും അപവാദ പ്രചാരണത്തിലും മനംനൊന്ത് പഠനം ഉപേക്ഷിക്കുന്നതായി വിദ്യാര്‍ഥിനി പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.
സഹ അധ്യാപകനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് അധ്യാപിക പെണ്‍കുട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തിയതെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം.
അസുഖം മൂലം വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്‌കൂളിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. ഇത് ശ്രദ്ധയില്‍പെട്ട കുട്ടി ക്ലാസില്‍ പോകാതായി. ഇതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
















