ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ , ഭാരത പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന ഒരു ഗ്രാമം . ഭഗവാൻ ശ്രീകൃഷ്ണനെയും, കൃഷ്ണഭജനകളെയും ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു കൂട്ടം വിദേശികൾ താമസിക്കുന്ന ഈ ഗ്രാമം ഇന്ത്യയിൽ അല്ല , യൂറോപ്പിലാണ് .
ഹംഗറിയിലെ കൃഷ്ണവാലി ആണ് സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നത് . യൂറോപ്യൻ വൻകരയിലെ സമ്പൂർണ വേദ ഗ്രാമം, ഹൈന്ദവ ഗ്രാമം തുടങ്ങിയ പ്രത്യേകതയും പ്രദേശത്തിന് സ്വന്തമാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിന് തെക്ക്-പടിഞ്ഞാറായി സോമോഗിവാമോസിലാണ് ഈ ഗ്രാമം .
ഹംഗറി ഇസ്‌കോൺ ആണ് കൃഷ്ണവാലിയെ മുന്നോട്ട് നയിക്കുന്നത് . 200 ലധികം കൃഷ്ണഭക്തർ ആണ് ഇവിടെ താമസിക്കുന്നത്. ആത്മീയതയിൽ അധിഷ്ടിതമായ ലളിതമായ ജീവിതമാണ് ഈ കൃഷ്ണഭക്തർ പിന്തുടരുന്നത്. പൂർണമായും സ്വയം പര്യാപ്തമാണ് ഈ പ്രദേശം. ഭക്ഷണം മുതൽ വൈദ്യുതി വരെ ഇവർ സ്വയം ഉത്പാദിപ്പിക്കുന്നു.വസ്ത്ര ധാരണ രീതികളിലടക്കം ഭാരതീയ ശൈലികളാണ് പിന്തുടരുന്നത്. സ്ത്രീകളുടെ വേഷം സാരിയും പുരുഷൻമാരുടേത് ദോത്തിയുമാണ്.
നിരവധി ഗോശാലകളും കൃഷ്ണവാലിയിലുണ്ട്. മറ്റ് വിഷയങ്ങൾക്കൊപ്പം സംസ്‌കൃതവും വേദങ്ങളും ഇവിടുത്തെ കുട്ടികൾ പഠിക്കുന്നു. പരമ്പരാഗത രീതിയിൽ തിലകം അണിഞ്ഞാണ് ഇവർ സനാതന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നത്.കൃഷ്ണവാലിയിൽ ഒരു രാധേശ്യാമ ക്ഷേത്രമുണ്ട്. ഹംഗറിയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് കൃഷ്ണ വാലി ഇന്ത്യൻ കൾച്ചറൽ സെന്റർ ആൻഡ് ഇക്കോ ഫാം എന്ന ഈ സെറ്റിൽമെന്റ്. ഹംഗറിക്കാരനായ ശിവരാമസ്വാമിയാണ് കൃഷ്ണവാലി സ്ഥാപിച്ചത്. 1949 ൽ ബുഡാപെസ്റ്റിൽ ജനിച്ച അദ്ദേഹം 1980 ൽ ഭഗവത്ഗീതയിലും സനാതനധർമ്മത്തിലും ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. തുടർന്ന് 1993 ലാണ് ഈ ഗ്രാമം പടുത്തുയർത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: