സ്റ്റാവംഗര്‍: നോര്‍വ്വെ ചെസ്സിലെ രണ്ടാം റൗണ്ടില്‍ അട്ടിമറികളുടെ പൂരമായിരുന്നു. ഗുകേഷിനെ തോല്‍പിച്ച് ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗെയ്സി വാര്‍ത്തകളില്‍ ഇടം നേടി. 62 നീക്കങ്ങളിലാണ് അര്‍ജുന്‍ എരിഗെയ്സി ഗുകേഷിനെ തോല്‍പിച്ചത്. നിംസോ ഇന്ത്യന്‍ ഓപ്പണിംഗിലായിരുന്നു ഇരുവരും കളി തുടങ്ങിയത്. കാള്‍സനും ഹാന്‍സ് നീമാനും തമ്മിലുള്ള നിംസോ ഇന്ത്യന്‍ ഏറെ പ്രശസ്തമാണ്. പക്ഷെ എട്ടാം നീക്കത്തില്‍ ഈ ഗെയിമിലെ നീക്കത്തില്‍ നിന്നും അര്‍ജുന്‍ വ്യതിചലിച്ചു.
കരുനീക്കങ്ങള്‍ക്ക് കൂടുതല്‍ സമയം എടുത്തതിനാല്‍ പലപ്പോഴും ഗുകേഷ് സമയസമ്മര്‍ദ്ദത്തില്‍ വീണുപോയിരുന്നു. 17ാമത്തെ നീക്കം മുതലേ ഗുകേഷ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ക്ലോക്കില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് നേരം ഗുകേഷ് പിറകയിലായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. 44ാമത്തെ നീക്കമായപ്പോഴേക്കും ഗുകേഷിന് ആകെ ഏതാനും സെക്കന്‍റുകള്‍ മാത്രമാണ് ക്ലോക്കില്‍ അവശേഷിച്ചിരുന്നത്. ലോക മൂന്നാം നമ്പര്‍ താരമാണ് ഗുകേഷെങ്കില്‍ അര്‍ജുന്‍ എരിഗെയ്സി ലോക നാലാം നമ്പര്‍ താരമാണ്. ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ് 2787 ആണെങ്കില്‍ എരിഗെയ്സിയുടെ 2708 ആണ്.
ഇതോടെ നാലര പോയിന്‍റ് വീതം നേരിയ അര്‍ജുന്‍ എരിഗെയ്സിയും ഹികാരു നകാമുറയും മുന്നിട്ട് നില്‍ക്കുകയാണ്. നാല് പോയിന്‍റ് നേടിയ മാഗ്നസ് കാള്‍സന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഫാബിയാനോ കരുവാന മൂന്ന് പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ്.
ഗുകേഷിന് 19 തികയുന്നു, ലോകചാമ്പ്യന് മാനസികപിരിമുറുക്കം
നേരത്തെ മാഗ്നസ് കാള്‍സനോടും തോല്‍വി ഏറ്റുവാങ്ങിയ ഗുകേഷിന് ഇപ്പോള്‍ പോയിന്‍റുകളൊന്നും ഇല്ല. 2024ല്‍ ലോക ചെസ് കിരീടപ്പോരാട്ടം ഏല്‍പിച്ച മാനസികസമ്മര്‍ദ്ദങ്ങള്‍ ഗുകേഷ് എന്ന താരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എത്ര കരകയറാന്‍ ശ്രമിച്ചിട്ടും ഗുകേഷിന് അതിന് കഴിയുന്നില്ല. സിംഗപ്പൂരിലെ ലോകചെസ് കിരീടപ്പോരാട്ടത്തിന് ശേഷം ഗുകേഷ് തുടര്‍ച്ചയായി തോല്‍ക്കുകയാണ്. മെയ് 29 വ്യാഴാഴ്ച ഗുകേഷിന് 19 വയസ്സ് തികയുകയാണ്.
ഈ വിജയത്തോടെ മൂന്ന് പോയിന്‍റ് നേടിയ അര്‍ജുന്‍ എരിഗെയ്സി മുന്നില്‍ നില്‍ക്കുന്നു. 2025ല്‍ ഇത് രണ്ടാം തവണയാണ് അര്‍ജുന്‍ എരിഗെയ്സി ഗുകേഷിനെ തോല്‍പിക്കുന്നത്. നേരത്തെ ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഗുകേഷിനെ എരിഗെയ്സി തോല്‍പിച്ചിരുന്നു. ആദ്യ റൗണ്ടില്‍ ചൈനയുടെ വെയ് യിയെ ആമെഗെഡ്ഡോണ്‍ ഗെയിമില്‍ അര്‍ജുന്‍ എരിഗെയ്സി തോല്‍പിച്ചിരുന്നു. ഇതില്‍ നിന്നും ഒന്നര പോയിന്‍റ് കൂടി ലഭിച്ചതോടെ എരിഗെയ്സിക്ക് 4.5 പോയിന്‍റായി.
ഗുകേഷിനെ തോല്‍പിച്ച് ലോകമാധ്യമശ്രദ്ധ നേടിയ മാഗ്നസ് കാള്‍സനെ തറപറ്റിച്ച് അമേരിക്കയുടെ ഹികാരു നകാമുറ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇരുവരും തമ്മിലുള്ള ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ തുടര്‍ന്നുള്ള ആമഗെഡ്ഡോണ്‍ ഗെയിമില്‍ ആണ് ഹികാരു നകാമുറ ജയിച്ചുകയറിയത്. ആമഗെഡ്ഡോണ്‍ സ്പീഡ് ഗെയിം ആണ്. ഇതില്‍ അവസാനഘട്ടത്തില്‍ വരുത്തിയ പിഴവാണ് മാഗ്നസ് കാള്‍സനെ തറപറ്റിച്ചത്.
യുഎസിന്റെ ഫാബിയാനോ കരുവാന ആദ്യ റൗണ്ടിലെ തിരിച്ചടിക്ക് ശേഷം തിരിച്ചുവന്നു. രണ്ടാം റൗണ്ടില്‍ ചൈനയുടെ വെയ് യിയെ തോല്‍പിച്ചു.
ഹംപിക്ക് തോല്‍വി
ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ തന്നെ വൈശാലിയെ തോല്‍പിച്ച് മൂന്ന് പോയിന്‍റ് നേടിയ ഹംപിയ്‌ക്ക് രണ്ടാം റൗണ്ടില്‍ തോല്‍വി. ഉക്രൈന്‍ താരം അന്ന മ്യൂസിചുക് ആണ് ഹംപിയെ തോല്‍പിച്ചത്. റുയ് ലോപസ് ഓപ്പണിംഗിന്റെ നിയോ അര്‍കാംഗെല്‍സ്ക് വേരിയേഷനില്‍ ആയിരുന്നു ഇരുവരും കളിച്ചത്. ഇതോടെ നാലര പോയിന്‍റോടെ അന്ന മ്യൂസിചുക് ഒന്നാമതാണ്. മൂന്ന് പോയിന്‍റ് നേടിയ ഹംപി രണ്ടാം സ്ഥാനത്താണ്. രണ്ടാം റൗണ്ടില്‍ ടിംഗ് ജീ ലെയ്‌ക്കെതിരായ വൈശാലിയുടെ മത്സരം സമനിലയിലായി.
അര്‍ജുന്‍ എരിഗെയ്സി-ഗുകേഷ് നിംസോ ഇന്ത്യന്‍ ഗെയിം വിശകലനം കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: