കൊച്ചി: കേരളത്തിലും രാജ്യത്ത് പരക്കെയും ഇത്തവണ കാലവര്‍ഷത്തില്‍ മഴ കൂടുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. ജൂണ്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയുള്ള സീസണില്‍ തിരുവനന്തപുരത്ത് മഴ ശരാശരിയിലും കുറയുമ്പോള്‍ എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരമേഖലയില്‍ ശരാശരി മഴയും ലഭിക്കും. മറ്റിടങ്ങളിലെല്ലാം മഴ കൂടും. രാജ്യത്ത് പൊതുവെ മഴ കൂടുമെന്നാണ് പ്രവചനമെങ്കിലും മഹാരാഷ്‌ട്ര, കര്‍ണാടക, തെലങ്കാന, ഛത്തീസ്ഗഡ്, സംസ്ഥാനങ്ങളില്‍ മഴ കൂടാന്‍ സാധ്യതയുണ്ട്.
ജൂണില്‍ എറണാകുളം, വയനാട്, കോഴിക്കോട്, കാസര്‍കോട്് ജില്ലകളുടെ പടിഞ്ഞാറന്‍ മേഖലയില്‍ ശരാശരി മഴ ലഭിക്കുമ്പോള്‍ മറ്റിടങ്ങളില്‍ കൂടും. ഇതേ കാലയളവില്‍ സംസ്ഥാനത്ത് തീരദേശ മേഖലകളൊഴികെ പകല്‍ സമയത്ത് താപനിലയില്‍ വര്‍ദ്ധനവുണ്ടാകും. എന്നാല്‍ രാത്രി സമയത്തെ താപനില ശരാശരിയേക്കാള്‍ കുറവുമായിരിക്കുമെന്നാണ് പ്രവചനം. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് മധ്യ- തെക്കന്‍ ജില്ലകള്‍ ഈ സമയം കൂടുതല്‍ കുളിരണിയും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ പുതുക്കിയ ദീര്‍ഘസമയ പ്രവചനത്തിലാണ് ഐഎംഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ പസഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ മേഖലയില്‍ ന്യൂട്രല്‍ എല്‍ നിനോ-സതേണ്‍ ഓസിലേഷന്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
മണ്‍സൂണ്‍ മിഷന്‍ ക്ലൈമറ്റ് ഫോര്‍കാസ്റ്റ് സിസ്റ്റവും മറ്റ് കാലാവസ്ഥാ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് സീസണില്‍ ഈ ന്യൂട്രല്‍ സ്ഥിതികള്‍ തുടരുമെന്നാണ്. ഇതിനൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍(ഐഒഡി) ന്യൂട്രല്‍ അവസ്ഥയില്‍ തുടരുകയാണ്. വരുന്ന ആഴ്ചകളില്‍ ദുര്‍ബലമായ നെഗറ്റീവ് ഐഒഡി സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനങ്ങള്‍. ഈ ഘടകങ്ങള്‍ മഴ കൂടുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: