റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ തന്റെ ക്ലബ് അല്‍ നസര്‍ വിടുന്നു. ഇതുസംബന്ധിച്ച് ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം സൂചന നല്‍കിയത്. ഈ സീസണിലെ അവസാന മത്സരത്തില്‍ അല്‍ ഫത്തേഹിനോട് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് റൊണാള്‍ഡോ സൗദി വിടുന്നതായി സൂചന നല്‍കിയത്. ‘ഈ അധ്യായം അവസാനിക്കുന്നു. എന്നാല്‍ ഈ കഥ എഴുതുന്നത് തുടര്‍ന്നുകൊണ്ടിരിക്കും. എല്ലാവര്‍ക്കും നന്ദി’. -റൊണാള്‍ഡോ കുറിച്ചു.
അല്‍ നസറിന്റെ ജഴ്‌സിയണിഞ്ഞുള്ള ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. 2022ലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗിലേക്കെത്തുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായ 200 മില്യണ്‍ യൂറോ നല്‍കിയാണ് അല്‍ നസര്‍ താരത്തെ സ്വന്തമാക്കിയത്.
34 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റ് നേടിയ അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2023-24 സീസണില്‍ അല്‍ നസര്‍ 34 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്.
സൗദി പ്രോ ലീഗ് സീസണില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ക്രിസ്റ്റ്യാനോ. 24 ഗോളുകളാണ് ഈ സീസണില്‍ മാത്രം താരം അടിച്ചുകൂട്ടിയത്. അല്‍ നസറിനായി 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: