കൊച്ചി: കേരള ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വിസി ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നടപടി അനുചിതമെന്ന് കോടതി നിരീക്ഷിച്ചു.
അച്ചടക്ക നടപടി നിലനില്‍ക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്ന് സര്‍ക്കാര്‍ വാദമുയര്‍ത്തി. എന്നാല്‍ രണ്ട് വര്‍ഷമായി എന്ത് അന്വേഷണമാണ് നടത്തുന്നതെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതല്ലേയെന്നും കോടതി ആരാഞ്ഞു.സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച അന്വേഷണമുണ്ടെങ്കില്‍ അവ വിരമിക്കുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതി തന്നെ ഉത്തരവുകളിറക്കിയിട്ടുണ്ടെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.
സിസ തോമസിനനുകൂലമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിറക്കിയ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ കോടതി ഹര്‍ജി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. 33 വര്‍ഷത്തെ സേവനത്തിനുശേഷം 2023 മാര്‍ച്ച് 31 നാണ് അധ്യാപക ജോലിയില്‍ നിന്ന് ഡോ. സിസ തോമസ് വിരമിച്ചത്. എന്നാല്‍ അച്ചടക്ക നടപടിയുടെ പേരില്‍ പെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചു.
ഇതിനെതിരെയുളള സിസ തോമസിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: