അഭിനയ ജീവിതത്തില്‍ മലയാളത്തിലെ മറ്റൊരു താരവും എടുക്കാത്ത തരത്തിലുള്ള വേഷങ്ങള്‍ അഭിനയിച്ച് വിജയിപ്പിച്ചിട്ടുള്ള താരമാണ് ദിലീപ്. ആദ്യമായി ഒരു വലിയ വേഷത്തില്‍ അഭിനയിച്ച ഏഴരക്കൂട്ടം എന്ന ചിത്രത്തിലെ അര മുതല്‍ കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, ചക്കരമുത്ത്, പച്ചക്കുതിര, മായാമോഹിനി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
മറ്റ് ചിത്രങ്ങളെപ്പോലെ തന്നെ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ട് ആ വർഷത്തെ ഹിറ്റ് ചാർട്ടില്‍ ഇടം പിടിച്ച ചിത്രമായിരുന്നു. എന്നാല്‍ സിനിമക്കെതിരെ ട്രാന്‍സ് ജന്‍ഡർ വിഭാഗത്തില്‍ നിന്നും നിശിതമായ വിമർനമാണ് അന്നും ഇന്നും ഉണ്ടായിട്ടുള്ളത്. സിനിമ ട്രാന്‍സ് കമ്യൂണിറ്റിക്കെതിരായിരുന്നുവെന്നതായിരുന്നു പ്രധാന വിമർശനം. സിനിമ കാരണം അപമാനിതരായ അനുഭവങ്ങളും നിരവധി പേര്‍ തുറന്നു പറഞ്ഞു.
2005 ലാണ് ചാന്തുപൊട്ട് റിലീസ് ആയതെങ്കിലും അതിനും ഏകദേശം 8 വർഷം മുമ്പ് തന്നെ സിനിമ സംബന്ധിച്ച ചർച്ചകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ചിത്രം വൈകുകയായിരുന്നു. കലാഭവന്‍ മണി പറഞ്ഞ ഒരു അഭിപ്രായം അടക്കം ഇതിന് കാരണമായിരുന്നുവെന്ന് ദിലീപ് തന്നെ വർഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ബെന്നി പി നായരമ്പലത്തിന്റെ ഒരു നാടകമുണ്ട് നീ അത് കാണണം, ചെയ്യണം എന്ന് എന്റെ അടുത്ത് ആദ്യം വന്ന് പറയുന്നത് നാദിർഷയാണ്. ഈ കഥ ഞാന്‍ ലാല്‍ ജോസിനോട് പറയുകയും ഞാനും അദ്ദേഹവും കൂടി ഇത് ചെയ്യുന്നുവെന്ന് ബെന്നിയോട് പറഞ്ഞു. അത് കഴിഞ്ഞ് എട്ടുവർഷത്തിന് ശേഷമാണ് ഞങ്ങള്‍ ആ സിനിമ ചെയ്തത്’ വർഷങ്ങള്‍ക്ക് മുമ്പ് മനോരമ ന്യൂസിന് നല്‍കയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.
സിനിമ ചെയ്യുന്നത് വൈകാന്‍ കാരണമുണ്ട്. ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതായി ഞാന്‍ കലാഭവന്‍ മണിയോട് പറഞ്ഞു. അപ്പോള്‍ മണി തിരിച്ച് പറഞ്ഞത് ‘അതൊന്നും വേണ്ടാട്ടോ.. അതൊന്നും ചെയ്താല്‍ കുട്ടികള്‍ ഉണ്ടാവില്ല’ എന്നായിരുന്നു. അത് എനിക്ക് വലിയ അടിയായി. അങ്ങനെ ഒരോ കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ ആ തിരക്കഥ മാറ്റിവെച്ചു. പിന്നീട് മീനൂട്ടി ജനിച്ചതിന് ശേഷമാണ് ആ സിനിമ ചെയ്യുന്നതെന്നും ചിരിച്ചുകൊണ്ട് താരം പറയുന്നു. മായാമോഹിനി എന്ന സിനിമയും വലിയ വെല്ലുവിളിയായിരുന്നു. മായാമോഹിനിയുടെ വേഷത്തില്‍ വന്ന് പെർഫോം ചെയ്യുമ്പോള്‍ ചാന്തുപൊട്ട് ആയിപ്പോയി. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് മായാമോഹിനിയെ മനസ്സിലായത്. പിന്നീട് തുടക്കത്തില്‍ എടുത്ത കുറച്ച് ഷോട്ട് റീ ടേക്ക് ചെയ്തു. രണ്ടും രണ്ട് ആള്‍ക്കാരാണല്ലോ.
ട്വന്റി-ട്വന്റി സിനിമയ്‌ക്ക് അത്രയും വലിയ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളത് സത്യമാണ്. 9 മാസം വേറെ ഒരു ജോലിക്കും പോകാതെ ആ ചിത്രത്തിന് പിറകെയായിരുന്നു. നിർമ്മാതാവ്, അസോസിയേറ്റ് ഡയറക്ടർ, കണ്‍ട്രോളർ, ചായ കൊടുക്കുന്ന പയ്യന്‍ എന്നിങ്ങനേയുള്ള എല്ലാ ജോലികളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ദിലീപ് കൂട്ടിച്ചേർത്തു.
അതേസമയം, ചാന്തുപൊട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചകൊണ്ട് സംവിധായകന്‍ ലാല്‍ ജോസും നേരത്തെ രംഗത്ത് വന്നിരുന്നു. ചാന്തുപൊട്ട് റിലീസ് ചെയ്ത സമയത്ത് എറണാകുളത്തുള്ള ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റി സ്വീകരണം തരാന്‍ വിളിച്ചിരുന്നുവെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. ചാന്തുപൊട്ടിലെ ദിലീപ് അവതരിപ്പിച്ച രാധ എന്ന രാധാകൃഷ്ണന്‍ ട്രാന്‍സ്ജെന്‍ഡറല്ല. സിനിമയില്‍ അയാള്‍ ഒരു സ്ത്രീയുമായി സെക്സില്‍ ഏര്‍പ്പെടുകയും അതില്‍ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്യുന്നുമുണ്ട്.
ഇത്രയും കാലം എന്തൊക്കെ വൃത്തികെട്ട പേരാണ് ഞങ്ങളെ വിളിച്ചിരുന്നത്, ഇപ്പോൾ ചാന്തുപൊട്ടെന്നു വിളിക്കുന്നത് നല്ല പേരല്ലേ എന്നാണ് അന്ന് അവർ പറഞ്ഞതെന്നും സംവിധായകന്‍ അന്ന് വ്യക്തമാക്കി. കണ്ണൂരിൽനിന്നുള്ള ഒരാളാണ് ആദ്യമായി ഇതുകൊണ്ടുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞതെന്നും ലാല്‍ പറഞ്ഞു. അടി കിട്ടിയാൽ നന്നാവും എന്നുപറഞ്ഞ് ആൾക്കാർ അയാളെ അടിച്ചു. അത് വലിയ സങ്കടമുണ്ടാക്കി, അവരോട് മാപ്പ് ചോദിച്ചെന്നും ലാല്‍ ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: