പട്ന : ഒരു പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പുറത്തുവന്നതിനെ തുടർന്ന് തേജ് പ്രതാപ് യാദവിനെ ആർജെഡിയിൽ നിന്ന് പുറത്താക്കി. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആർജെഡി മേധാവിയായ ലാലു തന്റെ മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്ന് 6 വർഷത്തേക്ക് പുറത്താക്കുകയും കുടുംബത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിനെല്ലാം കാരണം ഒരു യുവതിക്കൊപ്പം തന്റെ മകന്റെ ചിത്രം പുറത്ത് വന്നു എന്നതാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് തേജ് പ്രതാപ് യാദവ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അനുഷ്ക യാദവ് എന്ന പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിൽ അനുഷ്ക യാദവുമായി 12 വർഷമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും ഏതാനും മണിക്കൂറുകൾക്ക് ശേഷം തേജ് പ്രതാപ് യാദവ് അതിനെ ഒരു കിംവദന്തിയാണെന്ന് വിളിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോട്ടോകൾ തെറ്റായി എഡിറ്റ് ചെയ്ത് അദ്ദേഹത്തെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നുമാണ് തേജ് എക്സിൽ കുറിച്ചത്.
ഇനി ലാലു യാദവ് കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടിയെക്കുറിച്ചുള്ള ചോദ്യമാണ് ഉയരുന്നത്. ആരാണ് ആ അനുഷ്ക യാദവ്. ബിഹാറിലെ ഒരു ആർജെഡി നേതാവിന്റെ സഹോദരിയാണ് അനുഷ്ക യാദവ്, അദ്ദേഹം ഇപ്പോൾ പാർട്ടി വിട്ടു. അനുഷ്ക യാദവ് പട്ന നിവാസിയാണ്. ഒരു ഫോട്ടോയിൽ അവർ ഒരു പച്ച തൊപ്പി ധരിച്ചിരിക്കുന്നതും കാണാം.
ഇപ്പോൾ തേജ് പ്രതാപിന്റെയും അനുഷ്ക യാദവിന്റെയും നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആ ചിത്രങ്ങളിൽ പലതിലും അനുഷ്ക നെറ്റിയിൽ കുങ്കുമം ധരിച്ചിരിക്കുന്നതായി കാണാം. ഒരു ചിത്രത്തിൽ അവർ കർവാ ചൗത്തിൽ ഉപവസിക്കുന്നത് കാണാം. ഇനി ഈ ചിത്രങ്ങൾക്ക് തേജ് പ്രതാപ് കോടതിയിൽ ഉത്തരം പറയേണ്ടിവരുമെന്നതാണ് അവസ്ഥ.
അതേ സമയം ഇത്തരമൊരു സാഹചര്യത്തിൽ ലാലുവിനും കുടുംബത്തിനും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും 2018 ൽ തേജ് പ്രതാപിനെ ഐശ്വര്യയുമായി വിവാഹം കഴിപ്പിച്ചത് എന്തിനാണ് എന്ന വലിയ ചോദ്യം ഉയരുന്നു. കോടതി കേസിൽ കുടുങ്ങി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണോ ലാലു പ്രസാദ് യാദവ് തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കണമെന്ന് തിടുക്കത്തിൽ പ്രഖ്യാപിച്ചതെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: