തിരുവനന്തപുരം: ഹോക്കിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും പി. ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ നിരവധി ഹോക്കി താരങ്ങളെ പരിശീലിപ്പിച്ച് ഭാരത ഹോക്കിയിലേക്ക് വലിയ സംഭാവന നല്‍കുകയും ചെയ്ത ഹോക്കി മുന്‍താരവും പരിശീലകനുമായ ജയകുമാര്‍ എസ്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ അക്കൗണ്ടന്റായ അദ്ദേഹം തിരുവനന്തപുരത്ത് ജിപിഒയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഈ മാസം 30ന് പടിയിറങ്ങും.
കളിക്കളത്തിലും പുറത്തും കായികരംഗത്തോടുള്ള അചഞ്ചലമായ സമര്‍പ്പണത്തിന് പേരുകേട്ടയാളാണ് ജയകുമാര്‍. ജൂനിയര്‍ ഹോക്കി ടീമിന്റെ മുന്‍ പരിശീലകനെന്ന നിലയില്‍, ഇന്ത്യന്‍ ഹോക്കിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവും ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ പി.ആര്‍. ശ്രീജേഷിന്റെ ആദ്യ പരിശീലകനാണ്. ഹോക്കി ഗോള്‍ കീപ്പിംഗിലെ മികച്ച താരമെന്ന ഖ്യാതിനേടിയ ആളാണ് ജയകുമാര്‍.
1983ല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ തപാല്‍ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. സംസ്ഥാന ഹോക്കി ടീമിന്റെ അവിഭാജ്യഘടകമായിരുന്ന അദ്ദേഹം 18 വര്‍ഷം കേരള താരമായി. നാല് വര്‍ഷത്തോളം ടീം ക്യാപ്റ്റനുമായി. ഇന്ത്യന്‍ പി ആന്‍ഡ് ടി ടീമിനു വേണ്ടിയും കളിച്ചു. ദേശീയ മത്സരങ്ങളില്‍ അമ്പയറായിട്ടുണ്ട്. ഏറ്റെടുത്ത എല്ലാ റോളുകളിലും വൈദഗ്ധ്യവും നേതൃ പാടവവും പ്രകടിപ്പിച്ചു.
ഗുജറാത്തിലെ ഗാന്ധിനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ (എന്‍ഐഎസ്) നിന്ന് ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീട് ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍ (എഎച്ച്എഫ്), ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഹോക്കി (എഫ്‌ഐഎച്ച്) എന്നിവയുടെ കീഴില്‍ അഡ്വാന്‍സ്ഡ് കോച്ചിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ ആര്‍മി ടീമുകള്‍, കേരള സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ ടീമുകള്‍, കേരള സര്‍വകലാശാല പുരുഷ, വനിതാ ടീമുകള്‍, കേരള സംസ്ഥാന സ്‌കൂള്‍ ടീമുകള്‍ എന്നിവയെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ജി. വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും (19992008) ഹോക്കി പരിശീലകനായിരുന്നു.
പോസ്റ്റല്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്‍ട്രല്‍ ഒബ്‌സര്‍വര്‍ ആയും ടെക്‌നിക്കല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കായികരംഗത്തും ഭരണനിര്‍വ്വഹണത്തിലും ജയകുമാര്‍ നടത്തിയ സ്തുത്യര്‍ഹ സേവനത്തെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ആസൂത്രണ ബോര്‍ഡ് അംഗമായി നാമനിര്‍ദ്ദേശം ചെയ്തു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ഹോക്കി പരിശീലകനെന്ന നിലയില്‍ കൂടുതല്‍ സംഭാവനകള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ജയകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: