തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ നടന്നത് കേരള മോഡലല്ലെന്നും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മോഡലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇനി വരാന്‍ പോകുന്നത് ഒരു വികസിത കേരളം മോഡലാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനമോ, പുതിയ പദ്ധതിയോ നടപ്പാക്കിയിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ഫോട്ടോ ഒട്ടിച്ച് പേര് മാറ്റി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായി കാണിക്കുക മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ എന്‍ഡിഎ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശത്തെ കടലാക്രമണം, മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, യുവാക്കളുടെ വിദ്യാഭ്യാസ അവസരങ്ങളുടെ പ്രശ്‌നങ്ങള്‍, ദളിത് സുരക്ഷ ഇവയൊന്നും തന്നെ പരിഹരിച്ചിട്ടില്ല. പിന്നെ ഒന്‍പത് കൊല്ലത്തെ ഭരണത്തിന്റെ പേരില്‍ എന്താണ് സര്‍ക്കാര്‍ ആഘോഷിക്കാന്‍ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
യുവാക്കള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ ആശാവര്‍ക്കര്‍മാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുടങ്ങിയവരൊക്കെ ദുര്‍ഭരണത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. മാറ്റം വേണമെന്ന് ജനങ്ങള്‍ പറയുന്നു. അവര്‍ക്ക് വേണ്ടത് വികസനം, തൊഴില്‍, നിക്ഷേപം, അവസരങ്ങളുടെ മോഡലാണ്. നരേന്ദ്ര മോദിയുടെ മോഡലാണ് ജനങ്ങള്‍ക്ക് വേണ്ടത്.
കേരളത്തില്‍ അനുഭവപ്പെടുന്ന വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ ഇതാണ് ഒന്‍പത് വര്‍ഷത്തെ ദുര്‍ഭരണത്തിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു. കടം വാങ്ങാതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാരിനെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊള്ളത്തരം വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളം അനുഭവിക്കുന്ന വീഴ്ചയെ സൂചിപ്പിക്കുന്ന കേരളം വീണ പതിറ്റാണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജ്യോതിഷ് അധ്യക്ഷനായ ചടങ്ങില്‍ ബിജെപി ദേശീയ നീര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്, ശിവസേന സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, എസ്‌ജെഡി സംസ്ഥാന അധ്യക്ഷന്‍ വി.വി. രാജേന്ദ്രന്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി തമ്പി മേട്ടുത്തറ, ലോക്ജനശക്തി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാമചന്ദ്രന്‍, ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സതീശന്‍, കാമരാജ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പുഷ്പ ജയന്‍,ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്‍ഡിഎ നേതാക്കളായ സോമശേഖരന്‍, അജി എസ്ആര്‍എം, പ്രൊഫ.വി.ടി. രമ, അഡ്വ.എസ്. സുരേഷ്, സി. ശിവന്‍കുട്ടി, അഡ്വ.ആര്‍.എസ്. രാജീവ്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: