ആരും പേടിക്കേണ്ട. രക്തരക്ഷസ്സുകള്‍ എന്നാല്‍ സാക്ഷാല്‍ കൊതുകുകള്‍. പ്രത്യേകിച്ചും പെണ്‍ കൊതുകുകള്‍. പക്ഷേ കൊതുകുകളെ പേടിക്കുക തന്നെ വേണം. മൂളിപ്പറക്കലും ക്രൂരമായ കുത്തും മാത്രമല്ല. അവ പരത്തുന്ന ഒട്ടേറെ പകര്‍ച്ച വ്യാധികളും കൊതുകിനെ നാം ഭയക്കാന്‍ കാരണമാവുന്നു.
പക്ഷേ ഇവിടെ മൂളലും കുത്തും വ്യാധികളുമല്ല ചര്‍ച്ചാ വിഷയം. മറിച്ച്, കൊതുകിന് ചിലരോട് തോന്നുന്ന അമിതമായ പ്രേമത്തിന്റെ കാരണമാണ് നാം തെരയുന്നത്. ഒരേ വീട്ടില്‍ ഒരുമിച്ചിരിക്കുമ്പോള്‍ പോലും കൊതുക് ചിലരെ മാത്രം വിടാതെ തേടിയെത്തുന്നു. വിടാതെ അവരെ ഓടിച്ചിട്ട് കുത്തുന്നു. എന്നാല്‍ മറ്റു ചിലരെ കണ്ട ഭാവമില്ല, അവയ്‌ക്ക്. എന്താണിതിന് കാരണം?
ലോകത്തെ സമസ്ത കാര്യങ്ങളുടെയും കാരണം കണ്ടെത്താന്‍ തുനിഞ്ഞിറങ്ങുന്ന ശാസ്ത്രജ്ഞര്‍ അതിന്റെ കാരണം തേടി ഗവേഷണം തുടങ്ങി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടെങ്കിലുമായി ആ ഗവേഷണം തുടരുന്നു. അവരുടെ നിഗമനം ഇങ്ങനെ- തീര്‍ച്ചയായും! ചിലരുടെ ചോര പെണ്‍കൊതുകിന് പെരുത്തിഷ്ടം. ജീവന്‍ കളഞ്ഞും അവര്‍ അതിനു പിന്നാലെ പോകും. കിടക്കയില്‍ വല വിരിച്ചാലും കൊതുക് തിരി കത്തിച്ചാലും ഫാന്‍ കറക്കിയാലും തല്ലിക്കൊന്നാലും അവ പിന്‍തിരിയില്ല. ചില കൊതുകുകളാവട്ടെ രാസ-കൊതുക് നശീകരണ വസ്തുക്കളില്‍നിന്ന് തലമുറകള്‍കൊണ്ട് പ്രതിരോധവും നേടിയെടുത്തു കഴിഞ്ഞു.
പൊതുനിരീക്ഷണ പ്രകാരം മൊത്തം ജനസംഖ്യയില്‍ 20 ശതമാനം പേരുടെ ചോരയാണ് കൊതുകിന് പ്രിയം. പെണ്‍ കൊതുകിന് മനുഷ്യന്റെ ചോരയോട് എന്താണിത്ര ആഭിമുഖ്യം. മനുഷ്യരക്തത്തിലെ പ്രോട്ടീന്‍ അവയ്‌ക്ക് കൂടിയേ തീരൂ. കൊതുകിന്റെ മുട്ടയിടല്‍ പ്രക്രിയ സുഗമമാക്കാനാണ് അവയ്‌ക്ക് രക്തത്തിലെ പ്രോട്ടീന്‍ വേണ്ടിവരുന്നത്. പക്ഷേ ചിലരുടെ രക്തത്തോടുള്ള കൊതുകിന്റെ ആകര്‍ഷണത്തിനു പിന്നില്‍ പല കാരണങ്ങളുമുണ്ടെന്ന് ശാസ്ത്ര നിരീക്ഷകര്‍ പറയുന്നു. പ്രധാനം രക്തത്തിന്റെ ഗ്രൂപ്പു തന്നെ. 2004 ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നതിങ്ങനെയാണ്. കൊതുകുകള്‍ക്ക് ഏറെയിഷ്ടം ‘ഒ’ ഗ്രൂപ്പുകാരുടെ ചുടു ചോര: ‘എ’ ഗ്രൂപ്പുകാരുടെ ചോരയെക്കാള്‍ രണ്ടിരട്ടി ഇഷ്ടം. ‘ബി’ ഗ്രൂപ്പുകാര്‍ രണ്ടിനുമിടയില്‍ വരുമത്രേ. പിന്നീട് 2019ല്‍ നടന്ന ഒരു ഗവേഷണവും ഇക്കാര്യം ഊന്നിപ്പറഞ്ഞു. എല്ലാ ഗ്രൂപ്പുകളിലും പെടുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് ഒരുപിടി കൊതുകുകളെ ഗവേഷകര്‍ പറത്തിവിട്ടു. അവര്‍ തേടിച്ചെന്ന് ചോര കുടിച്ചത് ‘ഒ’ ഗ്രൂപ്പുകാരുടേത് മാത്രം…
2004 ല്‍ ഒരു കൂട്ടം ഗവേഷകര്‍ പുറത്തുവിട്ട മറ്റൊരു ഗവേഷണ ഫലവും ഓര്‍മ്മയിലെത്തുന്നു. മനുഷ്യരില്‍ 85 ശതമാനം പേരും തങ്ങളുടെ തൊലിയില്‍നിന്ന് നേരിയ തോതില്‍ ചില രാസ സിഗ്നലുകള്‍ പുറപ്പെടുവിക്കുന്നുണ്ടത്രേ. അതിന്റെ ഗാഢതയും കരുത്തും അവരവരുടെ രക്തഗ്രൂപ്പുകളെയാണത്രേ ആശ്രയിച്ചിരിക്കുന്നത്. എന്നാല്‍ സിഗ്നല്‍ പുറപ്പെടുവിക്കാത്ത 15 ശതമാനം ആളുകളെയും കൊതുകുകള്‍ തിരിഞ്ഞു നോക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. പക്ഷേ ഇതൊന്നും അവസാന വാക്കാണെന്ന് ആരും കരുതേണ്ടന്നുകൂടി പറഞ്ഞുവയ്‌ക്കട്ടെ.
മനുഷ്യന്റെ ശ്വാസോച്ഛ്വാസത്തില്‍ പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിദ്ധ്യമാണ് ഇരകളെ തേടിപ്പിടിക്കാന്‍ കൊതുകുകളെ സഹായിക്കുക. കൊതുകിന്റെ ശരീരത്തിലെ മാക്‌സിലറി വാല്‍വ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ നൂറ് അടി വരെ അകലത്തില്‍ നില്‍ക്കുന്ന വ്യക്തിയുടെ ശരീരത്തില്‍നിന്നു വരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡു സാന്നിധ്യം വരെ അവയ്‌ക്ക് കൃത്യമായി തിരിച്ചറിയാന്‍ കഴിയും. ലാക്ടിക് ആസിഡ്, അമോണിയ തുടങ്ങി മനുഷ്യന്റെ വിയര്‍പ്പില്‍ അടങ്ങിയിരിക്കുന്ന നിരവധി രാസഘടകങ്ങളെ മണത്തറിയാനുള്ള സവിശേഷമായ കഴിവും കൊതുകുകള്‍ക്കുണ്ട്. ശരീരത്തിലെ ഊഷ്മാവ് തിരിച്ചറിയാനും അവയ്‌ക്ക് കഴിയും. നന്നായി വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍പ്പുണ്ടാവുകയും ശരീരത്തിന്റെ ഊഷ്മാവ് കൂടുകയും ചെയ്യും. അപ്പോള്‍പ്പിന്നെ ഇരയെ തിരിച്ചറിയുക കൊതുകുകള്‍ക്ക് ഏറെ സുഖകരം!
തൊലിപ്പുറത്ത് കുടിപ്പാര്‍ക്കുന്ന ചില ബാക്ടീരിയകളുടെ അളവ് കൂടുന്നത് കൊതുകിന് കൂടുതല്‍ ആമോദം നല്‍കുമെന്നാണ് മറ്റൊരു നിരീക്ഷണം. അത്തരം ബാക്ടീരിയ കൂടുതലായി കാണപ്പെടുന്ന ശരീരഭാഗങ്ങളില്‍ കൊതുക് കടി കൂടുതല്‍ കിട്ടുമെന്നും നിരീക്ഷണമുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളോട് കൊതുകുകള്‍ക്ക് സവിശേഷമായ പ്രേമമുണ്ടെന്നാണ് മറ്റ് ചില ഗവേഷകരുടെ കണ്ടെത്തല്‍. ഒരു സാധാരണ മനുഷ്യനെ ആക്രമിക്കുന്നതിന്റെ ഇരട്ടി വന്യതയോടെ അവ ഗര്‍ഭിണികളെ ആക്രമിക്കും. ഗര്‍ഭിണികള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതാവാം ഒരുപക്ഷേ ഈ അമിത ആകര്‍ഷണത്തിനു കാരണം. മറ്റ് സ്ത്രീകളെക്കാള്‍ ഗര്‍ഭിണികളുടെ ഉദരത്തില്‍ കൂടുതല്‍ താപം അനുഭവപ്പെടുന്നതാവാം മറ്റൊരു കാരണം.
മണവും ചൂടും മാത്രമല്ല, നിറവും കൊതുക് കടിയെ സ്വാധീനിക്കുമെന്ന് മറ്റൊരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നു. എടുത്തുനില്‍ക്കുന്ന നിറങ്ങളായ കറുപ്പ്, ചുവപ്പ്, ഓറഞ്ച്, സിയാന്‍ മുതലായ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ കൊതുക് കൂടുതലായി ആകര്‍ഷിക്കപ്പെടുമത്രേ. പച്ച, നീല, പര്‍പ്പിള്‍, വെള്ള വസ്ത്രക്കാരോട് അവ അല്‍പ്പം അകന്നുനില്‍ക്കുമെന്നും ഗവേഷകര്‍ പറയുന്നു. 2022 ല്‍ വാഷിങ്ടണിലെ യേല്‍ സര്‍വകലാശാലയിലാണ് കൊതുകും നിറവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമം നടത്തിയത്. കൊതുക് പരത്തുന്ന മാരകമായ പകര്‍ച്ചവ്യാധികളുടെ ഭീകരത തന്നെയാണ് ഈ രക്തരക്ഷസ്സിനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കാരണം. മലേറിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി തുടങ്ങി കൊതുക് പരത്തുന്ന രോഗങ്ങളുടെ പട്ടിക നീളുന്നു. 2022 വര്‍ഷത്തില്‍ മാത്രം 2500 ലക്ഷം പേരെ മലേറിയ ബാധിച്ചുവത്രേ. അതില്‍ ആറ് ലക്ഷം മരണവും സംഭവിച്ചു. കാലാവസ്ഥാ മാറ്റത്തിന് ആനുപാതികമായി കൊതുക് ജന്യ രോഗങ്ങളുടെ തീവ്രതയിലും പകര്‍ച്ച വേഗത്തിലും വര്‍ധന വരുന്നതായും നിരീക്ഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: